ചെ‍ർപ്പുളശ്ശേരി പീഡനം: യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; യുവാവിനെതിരെ കേസ്

By Web TeamFirst Published Mar 22, 2019, 7:07 AM IST
Highlights

ചെർപ്പുളശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ വ്യക്തത വരുത്താൻ ആണ് CRPC 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. 

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായി എന്ന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി എടുക്കാൻ പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പൊലീസ് അപേക്ഷ നൽകി.

അപേക്ഷയ്ക്ക് അനുമതി കിട്ടുന്ന മുറയ്ക്ക് യുവതിയിൽ നിന്നും ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രസവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ കഴിയുന്നതിനാൽ ഇവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും കോടതി നടപടി സ്വീകരിയ്ക്കുക.

രഹസ്യമൊഴിയിലും യുവതി ആദ്യത്തെ പരാതിയിൽ ഉറച്ചു നിന്നാൽ തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. എന്നാൽ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയാൽ സിപിഎം ഓഫീസിലെത്തി തെളിവ് ശേഖരിക്കേണ്ടതുണ്ട്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് സിപിഎം. ചെർപ്പുളശ്ശേരി പോലെ പാർട്ടിക്ക് സ്വാധീനമുള്ള മേഖലയിൽ നിന്ന് ഇത്തരം പരാതി വന്നതോടെ പ്രതിരോധത്തിൽ ആണ് നേതൃത്വവും. പ്രാദേശിക ഭിന്നതയുടെ മറവിൽ ഉണ്ടായ ആസൂത്രിത ശ്രമമാണ് പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ഒരുവിഭാഗം പ്രവർത്തകർ പറയുന്നുണ്ട്. 

ആദ്യം കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന നിലയിൽ മാത്രമുണ്ടായിരുന്ന ഒരു കേസ് പീഡനാരോപണത്തിലേക്ക് വഴിമാറിയത് ഇങ്ങനെയാണ്:

എന്താണ് സംഭവിച്ചത്?

മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്‍റെ വീടിന് പിന്നിൽ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാർ കണ്ട് വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചൈൽഡ് ലൈനാണ് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂർ മാത്രമായിരുന്നു കുഞ്ഞിന് പ്രായം. ഉപേക്ഷിച്ച നിലയിലായിരുന്നതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. 

ചൈൽഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.

താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നൽകി. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ പാർട്ടി ഓഫീസിലെത്തിയ താൻ അതേ സംഘടനയിൽപ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെർപ്പുളശ്ശേരിയിലെ ഒരു കോളേജിൽ പഠിക്കുന്ന കാലത്ത് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 

ഇതോടെ ആരോപണവിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തി. യുവാവിനെ ചോദ്യം ചെയ്യലായിരുന്നു അടുത്ത പടി. സ്ഥലത്തെ ഒരു വർക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്. 

യുവതിയുടെയും യുവാവിന്‍റെയും കുടുംബങ്ങൾ സിപിഎം അനുഭാവികളാണ്. എന്തായാലും രണ്ട് പേരും പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വീണ്ടും ഈ പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആരോപണവിധേയനായ യുവാവിനെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും. 

സിപിഎം പറയുന്നതെന്ത്?

ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറ​​യുന്നത്. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രാവും പകലുമില്ലാതെ നിരവധിപ്പേർ വരുന്നയിടമാണ് ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസെന്ന് ഏരിയാ സെക്രട്ടറി പറയുന്നു. ഇവിടെ വച്ച് ഇങ്ങനെയൊരു പീഡനം നടന്നെന്നത് അവിശ്വസനീയമാണ്. എന്തായാലും സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും സിപിഎം ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും കെ ബി സുഭാഷ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയും എംപിയുമായ എം ബി രാജേഷ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇതു പോലെയുള്ള ആരോപണങ്ങൾ പൊളിഞ്ഞു പോവുകയും ചെയ്കതിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. വസ്തുതകളെല്ലാം എത്രയും പെട്ടെന്ന് പുറത്ത് വരട്ടെയെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് എംപി ആവശ്യപ്പെടുന്നത്.

എന്താണ് സംഭവിച്ചത്? പാലക്കാട്ടെ ഞങ്ങളുടെ പ്രതിനിധി ശ്രീധരൻ കുറിയേടത്ത് പറയുന്നു.

"

 

click me!