Ambalavayal Murder : പെണ്‍കുട്ടികളെ മറ്റാരും സഹായിച്ചില്ല, മുഹമ്മദിന്‍റ കൊലയില്‍ ദുരൂഹതകളില്ലെന്ന് പൊലീസ്

By Web TeamFirst Published Dec 30, 2021, 7:29 AM IST
Highlights

അതേ സമയം കൊലപാതകത്തിൽ  ദുരൂഹതകളുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റ കുടുംബം ആരോപിച്ചിരുന്നു. അമ്മയും പെൺകുട്ടികളും മാത്രം ചേർന്ന് ഇത്തരമൊരു കൊല നടത്താനാകില്ല. മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും മുഹമ്മദിന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

അമ്പലവയല്‍:  വയനാട് അമ്പലവയലിലെ കൊലപാതകത്തിൽ (Ambalavayal Murder) അമ്മയും പെൺകുട്ടികളും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയൽ ആയിരംകൊല്ലിയിലെ മുഹമ്മദിന്‍റെ മരണത്തിൽ മറ്റ് ദുരുഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്‍റെ കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ല. കൂടാതെ പെൺകുട്ടികൾ കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച ഫോൺ കോൾ രേഖകളും പോലീസ് ശേഖരിച്ചു.

അതേ സമയം കൊലപാതകത്തിൽ  ദുരൂഹതകളുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റ കുടുംബം ആരോപിച്ചിരുന്നു. അമ്മയും പെൺകുട്ടികളും മാത്രം ചേർന്ന് ഇത്തരമൊരു കൊല നടത്താനാകില്ല. മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും മുഹമ്മദിന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  മുഹമ്മദിന്‍റെ കൊലപാതകത്തിൽ അമ്പലവയലിലെ അമ്മയും പെൺകുട്ടികളും തന്നെയാണ് പ്രതികളെന്നാണ്  പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ മറ്റാരുടെയും പങ്ക് കണ്ടെത്തിയിട്ടില്ല.

നാളുകളായി കുടുംബത്തിൽ നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാൽ മുഹമ്മദിന്റെ കുടുംബം ഈ വാദങ്ങൾ തള്ളുകയാണ്‌. മുഹമ്മദ് അമ്മയെയും പെൺകുട്ടികളെയും ഉപദ്രവിക്കാറില്ല. ഭർത്താവ് ഉപേക്ഷിച്ച കുടുംബത്തെ മുഹമ്മദ് സംരക്ഷിക്കുകയാണ് ചെയ്തത്. കുട്ടികളുടെ പിതാവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് മുഹമ്മദിന്‍റെ ഭാര്യ ആരോപിക്കുന്നു. പെൺകുട്ടികളുടെ പിതാവ് വീട്ടിൽ എത്തുന്ന സമയങ്ങളിലാണ് ബഹളങ്ങൾ കേട്ടിരുന്നതെന്ന് അയൽവാസികളും പറയുന്നു. എന്നാൽ തന്നെയും മക്കളെയും തമ്മിൽ അകറ്റിയത് മുഹമ്മദാണെന്ന് പെൺകുട്ടികളുടെ പിതാവ് സുബൈർ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ അമ്പലവയലില്‍ വയോധികനെ രണ്ട് പെണ്‍കുട്ടികളും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പത്താം ക്ലാസിലും പ്ലസ് വണിനും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ പൊലീസിന് മുമ്പിൽ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട നടുക്കത്തിലാണ് നാടാകെ. മ്മയെ കടന്നു പിടിക്കുന്നത് കണ്ടത് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊല നടത്തിയതെന്നും മുറിച്ചു മാറ്റിയ കാൽ സ്കൂൾ ബാഗിലാണ് ഉപേക്ഷിച്ചതെന്നും 15 ഉം 16 ഉം വയസുള്ള സഹോദരിമാർ പൊലീസിനോട് ഏറ്റു പറഞ്ഞു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പിതാവ് ഉപേഷിച്ചു പോയ ശേഷം തങ്ങളുടെ സംരക്ഷണം അത്രയും ഏറ്റെടുത്തിരുന്ന ബന്ധുവായ മുഹമ്മദ് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് കടും കൈ ചെയ്യേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരണം സംഭവിച്ചെന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. കത്തി ഉപയോഗിച്ച് വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. ശരീരത്തിന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. മൃതദേഹം ചാക്കിലാക്കാൻ പെൺകുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞത്.
 

click me!