അഞ്ജു ഷാജിയുടെ മരണം: പൊലീസ് കൈയ്യക്ഷരം പരിശോധിക്കും, സര്‍വ്വകലാശാലയും അന്വേഷണം തുടങ്ങി

By Web TeamFirst Published Jun 10, 2020, 12:33 PM IST
Highlights

അഞ്ജുവിനെ ഒരു മണിക്കൂർ ക്ലാസിലിരുത്തിയ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബിവിഎം കോളേജിലെത്തിയ സിൻഡിക്കേറ്റ് ഉപസമിതി അറിയിച്ചു

കോട്ടയം: കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മരണത്തിലാണ് എംജി സർവകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചത്. കോപ്പിയടിച്ചെന്ന പേരിൽ അഞ്ജുവിനെ ഒരു മണിക്കൂർ ക്ലാസിലിരുത്തിയ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബിവിഎം കോളേജിലെത്തിയ സിൻഡിക്കേറ്റ് ഉപസമിതി അറിയിച്ചു. അഞ്ജുവിന്‍റെ കയ്യക്ഷരം അടക്കം പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. 

നന്നായി പടിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നാണ് കുടുംബം ആവര്‍ത്തിച്ച് പറയുന്നത്. സർവ്വകലാശാല നിയമം അനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതരും പറയുന്നു. ഈ സാഹചര്യത്തിലാണ് കോപ്പിയടി വിവാദത്തിൽ അന്വേൽണം ശാസ്ത്രീയമാക്കാൻ പൊലീസ് ഒരുങ്ങുന്നത്. ശാസ്ത്രീയമായ കയ്യക്ഷര പരിശോധന നടത്താനാണ് തീരുമാനം.

പരീക്ഷാ ദിവസം ഹാൾടിക്കറ്റിന്‍റെ പുറകുവശത്ത് എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിൻേറതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിൻറെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു.നോട്ട്ബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ആരോപണത്തിൽ വ്യക്തത വരുമെന്ന നിഗമനമാണ് പൊലീസിനുള്ളത്.

സിന്റികേറ്റ് സമിതിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കാനാണ് എംജി സര്‍വ്വകലാശാല തീരുമാനിച്ചിട്ടുള്ളത്. .ഡോ.എംഎസ് മുരളി,ഡോ. അജി സി പണിക്കർ,പ്രൊഫസർ  വിഎസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. രാവിലെ കോളേജിലെത്തിയ അന്വേഷണ സമിതി വിവരം ശേഖരിച്ചു. സമിതി ഇന്നോ നാളെയോ റിപ്പോർട്ട് കൈമാറും. അഞ്ജു ഷാജി ചാടിയെന്ന് സംശയിക്കുന്ന ചേർപ്പുങ്കൽ പാലത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി

click me!