ബിനീഷ് കോടിയേരി ബോസെന്ന് അനൂപ് മുഹമ്മദ്; കുരുക്ക് മുറുക്കി എൻഫോഴ്സ്മെൻ്റ്

By Web TeamFirst Published Oct 30, 2020, 1:45 PM IST
Highlights

അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കിൽപ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി.

ബെംഗളൂരു: ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. അനൂപ് തുടങ്ങിയ ഹോട്ടൽ ബിസിനസിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണെന്നും അനൂപ് വെറും ബിനാമി മാത്രമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വാർത്താ കുറിപ്പിലൂടെയും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. 

വില്പനയ്ക്കായി സൂക്ഷിച്ച രാസ ലഹരിവസ്തുക്കളുമായി എൻസിബിയുടെ പിടിയിലായ മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായത്. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് പറഞ്ഞതായും ഇ‍ഡി ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. 

അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കിൽപ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും. ഈ പണം ഉപയോഗിച്ച് അനൂപ് ലഹരി വ്യാപാരമടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിലവിൽ കള്ളപ്പണ നിരോധന നിയമത്തിന്റെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ അനുസരിച്ചു മറ്റ് വകുപ്പുകളും ചുമത്തും. 

അതേസമയം ബിനീഷിനെ ബംഗളുരുവിലെ ഇഡി ആസ്ഥാനത്തു ചോദ്യം ചെയ്യൽ തുടരുകയാണ്. അവധി ദിനമായിട്ട് കൂടി അന്വേഷണ ഉദ്യോഗസ്ഥനും ചുരുക്കം ചില ഉദ്യോഗസ്ഥരും മാത്രമേ ഇന്ന് ഓഫീസിൽ എത്തിയിട്ടുള്ളൂ. കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച അന്വേഷണ പുരോഗതി ഇ‍ഡി കോടതിയെ അറിയിക്കും. 

click me!