സിബിഐ അഞ്ചാം ഭാ​ഗം കാണാൻ ഉടമ തിയറ്ററിൽ; വീട് കുത്തിത്തുറന്ന് 371 പവനും രണ്ട് ലക്ഷം രൂപയും കവർന്ന് മോഷ്ടാവ്

By Web TeamFirst Published May 14, 2022, 4:18 PM IST
Highlights

സിനിമ കഴിഞ്ഞു ഭക്ഷണവും കഴിച്ചു വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും കള്ളൻ സ്വർണവും പണവുമായി മുങ്ങിയിരുന്നു. സിസിടിവിയിലെ വിവരമനുസരിച്ച് 7.30നു മതിൽ ചാടിയെത്തിയ കള്ളൻ 8.15നു സ്വർണവും പണവുമായി കടന്നു‌

ഗുരുവായൂർ: കുടുംബമടക്കം സിബിഐ അഞ്ചാം ഭാ​ഗമായ ദ ബ്രെയിൻ സിനിമ കാണാൻ പോയ സമയത്ത്  വീട്ടിൽ മോഷണം. ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ച 371 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷ്ടാവ് കവർന്നു. സ്വർണവ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ലാത്ത് പൊലീസിനെ കുഴക്കുന്നു. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. സിനിമ കഴിഞ്ഞു ഭക്ഷണവും കഴിച്ചു വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും കള്ളൻ സ്വർണവും പണവുമായി മുങ്ങിയിരുന്നു. സിസിടിവിയിലെ വിവരമനുസരിച്ച് 7.30നു മതിൽ ചാടിയെത്തിയ കള്ളൻ 8.15നു സ്വർണവും പണവുമായി കടന്നു‌ കളഞ്ഞു.

മോഷണം നടന്ന വീട്

വളരെ അപൂർവമായി മാത്രമേ ബാലനും ഭാര്യയും വീട്ടിൽ നിന്ന് പുറത്തിറങ്ങാറുള്ളൂ. പുറത്തിറങ്ങിയാൽ തന്നെ നേരത്തെ വീട്ടിലെത്തുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം സിനിമക്കായി ഉച്ചക്ക് രണ്ടുമണിക്ക് പുറപ്പെട്ട ഇവർ രാത്രി ഒമ്പതിനാണ് തിരിച്ചെത്തിയത്. സിനിമ കഴിഞ്ഞു നേരെ മടങ്ങിയിരുന്നെങ്കിൽ  മോഷണം നടക്കുന്ന സമയത്ത് ഇവർക്കു തിരികെയെത്താൻ കഴിയുമായിരുന്നു. അഞ്ചുമാസം മുൻപ് ഗൾഫിലെ ജീവിതം അവസാനിപ്പിച്ചു മടങ്ങിയെത്തിയ ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടിൽ താമസം.

1968ൽ  പത്തേമാരിയിൽ കയറി ​ഗൾഫിലെത്തിയ പ്രവാസിയാണ് ബാലൻ. അജ്മാനിൽ സ്വർണ വ്യാപാരിയായിരുന്നു. അജ്മാനിൽ ബിസിനസുകാരനായ ജയപ്രകാശ്, ജയശ്രീ എന്നിവരാണ് മക്കൾ. സംഭവം നടക്കുന്നതിന്റെ തലേന്ന് മകളുടെ മകൻ പ്ലസ്ടു വിദ്യാർഥിയായ അർജുൻ എത്തിയിരുന്നു. സിനിമ കഴിഞ്ഞ് തിരികെ വരുമ്പോൾ അർജുനെ മുണ്ടൂരിലെ വീട്ടിൽ ഇറങ്ങി. അതുകൊണ്ടാണ് വൈകിയത്. 

click me!