'മാർട്ടിനെതിരെ പരാതിയുള്ളവർ സമീപിക്കണം', പൊലീസ് അറിയിപ്പ്, സംഭവിച്ചത് ഗുരുതര വീഴ്ച

By Web TeamFirst Published Jun 11, 2021, 8:04 PM IST
Highlights

മാർട്ടിനെതിരെ പരാതിയുള്ളവർക്ക്, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പൊലീസിനെ സമീപിക്കാം. വിളിക്കേണ്ട നമ്പർ പുറത്ത് വിട്ട് പൊലീസ്. 

കൊച്ചി: നഗരത്തിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ഇരുപത്തിയാറുകാരൻ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പൊലീസിനെ സമീപിക്കണം. വിളിക്കേണ്ട നമ്പർ കൊച്ചി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 

പൊലീസിന്‍റെ അറിയിപ്പ് ഇങ്ങനെ:

കേസന്വേഷണത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച

ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന്‍റെ വീഴ്ച സമ്മതിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു രംഗത്തെത്തിയിരുന്നു. ജില്ലയില്‍ സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർട്ടിന്‍റെയും സുഹൃത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മാര്‍ട്ടിനെ കോടതി 23 വരെ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ. 

ക്രൂരമർദ്ദനത്തിന്‍റെ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് കേസിന്‍റെ ഗൗരവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വാർത്താസമ്മേളനത്തിൽ കമ്മീഷണർ സി എച്ച് നാഗരാജു തുറന്ന് സമ്മതിച്ചു. മേലുദ്യോഗസ്ഥരെ കേസിന്‍റെ പ്രാധാന്യം അറിയിക്കുന്നതിലടക്കം സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ചകളെ കുറിച്ച് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ അന്വേഷിക്കും.

മാസം 40,000 രൂപ വരുമാനം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് മാര്‍ട്ടിന‍് ജോസഫ് 5 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഇത്രയും പണം ഉണ്ടാക്കാന്‍ എന്ത് സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്ന് അന്വഷിക്കും. സമാനമായ രീതിയിലുള്ള ചില പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു

മാര്‍ട്ടിനെതിരെ പുതിയ പരാതി നല്‍കിയ യുവതിയുടെ  കാക്കനാട്ടെ ഫ്ലാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ മെയ് 31-ന് രാത്രി ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മാര്‍ട്ടിൻ ജോസഫ് മര്‍ദ്ദിച്ചെന്നാണ് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി. ഈ കേസുമായി ബന്ധപ്പെട്ട്  സ്ത്രീത്വത്തെ അപമാനിക്കൽ, ഭവന ഭേദനം, മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ മാർട്ടിനെതിരെ ചുമത്തി. 

മാര്‍ട്ടിൻ ജോസഫ് നല്‍കിയ  മുൻകൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. മുന്‍കൂർ ജാമ്യ ഹർജി നിലനില്‍ക്കെ, തന്നെ അറസ്റ്റ് ചെയ്തതിലൂടെ പൊലീസ് കോടതിയെ അപമാനിച്ചെന്ന് മാർട്ടിന്‍റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഹർജിയിൽ ഇടക്കാല ഉത്തരവ് ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

click me!