
ദില്ലി: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബിസിനസുകാരനെയും മകനെയും അയൽവാസി വെടിവച്ചു. ദില്ലിയിലെ യമുനാ നഗറിലാണ് സംഭവം. വീരേന്ദ്രകുമാർ അഗർവാളിനും മകൻ സച്ചിനുമാണ് വെടിയേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്. അയൽവാസിയായ ആരിഫ് ആണ് പ്രതി.
വീരേന്ദ്രകുമാർ അഗർവാളും മകനും പത്പർഗഞ്ജിലെ സ്വകാര്യ ആശുപത്രിയിലാണ്. പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. തങ്ങൾക്ക് നേരെ അയൽവാസി പന്ത്രണ്ട് റൗണ്ട് വെടിയുതിർത്തെന്നാണ് സച്ചിൻ പൊലീസിന് നൽകിയ മൊഴി. "കഴിഞ്ഞ ദിവസം രാത്രി സച്ചിനും അച്ഛനും വീട്ടിലേക്ക് വരികയായിരുന്നു. പാർക്ക് ചെയ്യുന്നിടത്ത് ഒരു കാർ തടസ്സമായി ഉണ്ടായിരുന്നു. ആ കാർ മാറ്റിയിടാൻ ഉടമസ്ഥനോട് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, അതിനു തയ്യാറാകാതെ അയാൾ അവരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു". വീരേന്ദ്രന്റെ മറ്റൊരു മകനായ സൗരഭ് പറഞ്ഞു.
അഗർവാളും കുടുംബവും വിവാഹ ആഘോഷത്തിന് പോയി മടങ്ങിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിനടുത്ത് കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അയൽവാസിയായ ആരിഫ് അവിടെ കാർ ഇട്ടിരിക്കുന്നത് കണ്ടത്. അത് അവിടെ നിന്ന് മാറ്റിയിടാൻ പറഞ്ഞതോടെ വഴക്കായി. ചിലരെ കൂടെക്കൂട്ടി ആരിഫ് വഴക്കിന് തുടക്കമിടുകയായിരുന്നു. പിന്നാലെ ഇവർ വീരേന്ദ്രകുമാറിനും മകനും നേരെ വെടിയുതിർത്തു. വീരേന്ദ്രകുമാറിന് രണ്ട് തവണ വെടിയേറ്റു. സച്ചിന് ഒരു തവണ വെടിയേറ്റെന്നും പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് മേഖലയിലാകെ ഭീതി പടർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam