
കൊച്ചി: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി കൊച്ചിയിൽ പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് 37കാരനായ നാഗോൺ സ്വദേശി ഹാബിജുർ റഹ്മാൻ പിടിയിലായത്. ഞാറക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലിൽ നിന്ന് 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെടുത്തു.
പി ഹണ്ടില്‍ നടന്ന പരിശോധനയിൽ മൂവാറ്റുപുഴയിൽ ഒരാൾക്കെതിരെ കേസെടുത്തു. റൂറൽ ജില്ലയിൽ ഏഴ് പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നായി ഒമ്പത് ഡിവൈസുകൾ കണ്ടെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.
സമാനമായി കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ 10 പേർ അറസ്റ്റിലായത്. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്‍റെ ഒരോഘട്ടവും പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam