ചില്ലറ മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ ആയിരുന്ന ബാബു കൊവിഡ് കാലത്ത് ജയിൽ മോചിതനായതോടെയാണ് വിവാഹ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ബെം​ഗളൂരു: വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറിൽ പിടിയിൽ. ചന്നപ്പട്ടണ സ്വദേശി പൾസർ ബാബു എന്ന ബാബുവാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ടു കാറുകളും 132 ഗ്രാം സ്വർണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരു വിവാഹ വീട്ടിലെ മോഷണത്തിനിടെയാണ് നിരവധി കേസുകളിൽ പ്രതിയായ ചന്നപ്പട്ടണ സ്വദേശി ബാബുവിനെ പൊലീസ് പിടികൂടിയത്. 19ഓളം കേസുകളിൽ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴി‌‌ഞ്ഞിരുന്നില്ല.

ചില്ലറ മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ ആയിരുന്ന ബാബു കൊവിഡ് കാലത്ത് ജയിൽ മോചിതനായതോടെയാണ് വിവാഹ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെയാണ് ഇയാൾ പ്രധാനമായും ഉന്നംവച്ചിരുന്നത്. കുട്ടികളുടെ കയ്യിലും കഴുത്തിലും കാലിലും ഉള്ള ആഭരണങ്ങളും മൊബൽ ഫോണുകളും ഇയാൾ കവർന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനു പുറമേ വിവാഹ വീടുകളിലെ ലാപ്ടോപ്പുകളും ബൈക്കുകളും ഇയാൾ മോഷ്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആഭരണങ്ങൾ ഉരുക്കി വിറ്റ് ആ പണം കൊണ്ട് ആ‌ർഭാട ജീവിതം നയിക്കുന്നതായിരുന്നു ബാബുവിന്റെ രീതി. 42 ലക്ഷത്തിലേറെ രൂപ വില വരുന്ന രണ്ട് കാറുകളും 132 ഗ്രാം സ്വർണവും 7 മൊബൈൽ ഫോണുകളും ഒരു ക്യാമറയും രണ്ട് ലെൻസുകളും രണ്ട് ലാപ്ടോപ്പുകളും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സദാശിവ നഗർ, വരത്തൂർ, ജാലഹള്ളി, ബാഗൽഗുണ്ടെ പൊലീസ് സ്റ്റേഷനുകളിൽ ബാബു പ്രതിയായിട്ടുള്ള കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News