കൊച്ചിയിലെ എടിഎം തട്ടിപ്പ്; പ്രതി പിടിയില്‍, കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പിടികൂടി

By Web TeamFirst Published Aug 26, 2022, 3:16 PM IST
Highlights

യുപി സ്വദേശി മുബാറക് ആണ്‌ പൊലീസിന്‍റെ പിടിയിലായത്. ഇടപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി എടിഎമ്മിൽ കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പൊലീസ് പിടികൂടി. 

കൊച്ചി: എറണാകുളത്ത് എടിഎമ്മിൽ കൃത്രിമം നടത്തി കാൽലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. യുപി സ്വദേശി മുബാറക് ആണ്‌ പൊലീസിന്‍റെ പിടിയിലായത്. ഇടപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി എടിഎമ്മിൽ കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പൊലീസ് പിടികൂടി. ജില്ലയിൽ 11 എടിഎമ്മുകളിൽ സമാന തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഇക്കഴിഞ്ഞ 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രിമിയർ കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിമ്മിൽ നിന്ന് 7 ഇടപാടുകാർക്ക് പണം നഷ്ടമായത്. പണം പിൻവലിക്കാൻ സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മസേജ് വരും. എന്നാൽ എടിഎമ്മിൽ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലർ ഇത് എടിഎം മെഷീനിന്‍റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരൻ ബാങ്കിൽ പരാതി നൽകി. പിന്നീട് എടിമ്മിലെ സിസിടിവി  ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. 

പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്കെയിൽ പോലുള്ള ഒരു പ്രത്യേക ഉപകരണം എടിഎം മെഷീനിൽ ഘടിപ്പിക്കും. ഇടപാടുകാർ പണം കിട്ടാതെ പുറത്ത് പോയ നേരം ഇയാൾ എടിഎമ്മിലെത്തി മെഷീനിൽ ഘടിപ്പിച്ച ഉപകരണം നീക്കി പണം കൈക്കലാക്കും. പിന്നീട് വീണ്ടും ഉപകരണം ഘടിപ്പിപ്പിച്ച് അടുത്ത് ഇടപാടുകാരനെ കാത്തിരിക്കും. ഇങ്ങനെയായിരുന്നു തട്ടിപ്പ് രീതി. ഒരു എടിഎമ്മിൽ നിന്ന് 25,000 രൂപയാണ് ഇയാൾ കവർന്നത്. സമാനമായ തട്ടിപ്പ് ജില്ലയിലെ 11 ഇടങ്ങളിൽ നടന്നെന്നാണ് പൊലീസ് പറയുന്നത്. പണം തട്ടിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

click me!