ബംഗാളിൽ 3 കൊലപാതകം നടത്തി നാടുവിട്ട പ്രതി പിടിയിൽ; കൊടും കുറ്റവാളി പിടിയിലായത് കോഴിക്കോട് ഒളിവിൽ കഴിയവേ

Published : Aug 26, 2022, 01:39 PM ISTUpdated : Aug 26, 2022, 03:15 PM IST
ബംഗാളിൽ 3 കൊലപാതകം നടത്തി നാടുവിട്ട പ്രതി പിടിയിൽ; കൊടും കുറ്റവാളി പിടിയിലായത് കോഴിക്കോട് ഒളിവിൽ കഴിയവേ

Synopsis

പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയിൽ അതിഥി തൊഴിലാളികളുടെ  താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. 

കോഴിക്കോട്: കൊലപാതകം നടത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ  താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. 

പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 7ന് മൂന്ന് കൊലപാതകങ്ങൾ നടത്തി നാടുവിട്ട പ്രതിയാണ് പിടിയിലായത്.  ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും  രവികുലും സംഘവും ചേ‍ർന്ന് കൊലപ്പെടുത്തുകയായിരുന്നു. സ്വപൻ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക‍്‍സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹൽദർ എന്നിവരെയും വധിച്ചു. കൃത്യത്തിന് ശേഷം സംഘത്തിലെ മറ്റ് നാലുപേർ പിടിയിലായെങ്കിലും സ്വപൻ മാജി നാടുവിടുകയായിരുന്നു. 

പ്രാദേശിക തർക്കങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്തംഗത്തെ വധിച്ചതെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് പ്രതി കേരളത്തിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ബംഗാളിലെ കാനിംഗ് പൊലീസ്, കേരള പൊലീസിനെ വിവരമറിയിച്ചു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മീഞ്ചന്തയിൽ നിന്ന് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഒരുമാസത്തോളമായി തൊഴിലാളികൾക്കൊപ്പം പണിക്ക് പോയ ഇയാളെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനിടെ, ഇയാൾ നാട്ടിലേക്ക് വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവികുൽ കേരളത്തിലുണ്ടെന്ന് പശ്ചിമ ബംഗാൾ പൊലീസ് മനസ്സിലാക്കുന്നത്. അതേസമയം ഇയാൾക്ക് പ്രാദേശികമായി സഹായം കിട്ടിയിട്ടില്ലെന്നും അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്ക് നേരിട്ടെത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.

മയക്കുമരുന്ന് കേസുകൾ, വധശ്രമം തുടങ്ങി നിരവധി കേസുകളിൾ ഉൾപ്പെട്ട് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് രവികുൽ സർദാർ. കോടതിയിൽ ഹാജരാക്കിയ രവികുലിനെ പശ്ചിമ ബംഗാൾ പൊലീസിന് കൈമാറി. ക്യാമ്പുകളിൽ താമസിക്കുന്നവരെ കുറിച്ച് അധികൃതർ കൃത്യമായ വിവരശേഖരണം നടത്താത്തതാണ് കൊലക്കേസ് പ്രതി ഒരു മാസക്കാലം ഒളിവിൽ താമസിച്ചിട്ടും ആരും അറിയാത്തതിന് കാരണമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ