എടിഎം തകർത്ത് പണം കവരാന്‍ ശ്രമം; കമ്പിപ്പാരകൾ കൗണ്ടറിൽ ഉപേക്ഷിച്ച നിലയിൽ

By Web TeamFirst Published Jul 14, 2020, 6:55 AM IST
Highlights

എടിഎമ്മിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. കഴി‌ഞ്ഞ വെള്ളിയാഴ്ചയാണ് പണം നിറച്ചത്. 

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം. വണ്ണപ്പുറം ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയോട് ചേർന്നിരിക്കുന്ന എടിഎം കൗണ്ടറിലായിരുന്നു കവർച്ച ശ്രമം. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മെഷീൻ തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. 

എടിഎം തകർത്ത് പണം കവരാനായിരുന്നു ശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ല. കവർച്ച സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. എടിഎമ്മിന്‍റെ മുൻഭാഗം പൊളിച്ച നിലയിലാണ്. 

ബാങ്കിലെ ഉന്നതോദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. എടിഎമ്മിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. കഴി‌ഞ്ഞ വെള്ളിയാഴ്ചയാണ് പണം നിറച്ചത്. ഇക്കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ആരെങ്കിലുമാകാം കവർച്ച ശ്രമത്തിന് പിന്നിലെന്നാണ് നിഗമനം. 

സ്ഥിരം എടിഎം മോഷ്ടാക്കളാകില്ല കവർച്ച ശ്രമത്തിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. എടിഎം തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരകൾ കൗണ്ടറിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

click me!