
തൃശ്ശൂർ: തൃശ്ശൂരിൽ കാർഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം. കാട്ടൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ വിപി രാജേഷിന് നേരെയാണ് ആക്രമണം. കാട്ടൂർ സ്വദേശി വിജയരാഘവൻ വധശ്രമത്തിന് അറസ്റ്റിലായി.
രാവിലെ 9 മണിയോടെ ബാങ്ക് തുറക്കാൻ എത്തിയപോഴാണ് രാജേഷിന് നേരെ ആക്രമണം നടന്നത്. കറുത്ത ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അക്രമി ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾ വന്ന സ്കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു.
നാട്ടുകാരും സഹപ്രവർത്തകരും ചേർന്നാണ് തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കാർഷിക വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരും വിജയരാഘവനും തമ്മിൽ തർക്കമുണ്ടായിരുന്നു. മാസങ്ങൾക്കു മുൻപ് വിജയ രാഘവന് കാർഷിക വായ്‌പ ഏതാണ്ട് ശരിയായിരുന്നു.
കൊവിഡ് കാരണങ്ങളാൽ ഒരു മാസത്തോളം വിജയരാഘവന് ബാങ്ക് നടപടികളിൽ പങ്കെടുക്കാനായില്ല. ഇതിനിടെയാണ് പുതിയ മാനേജർ എത്തിയത്. വായ്‌പ നൽകുന്നതിന് പുതിയ മാനേജർ കാണിച്ച വൈമുഖ്യമാണ് ആക്രമണത്തിന് കാരണം എന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് കേസ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam