
കാസർകോട്: പ്രമുഖ മൊബൈൽ സേവന കമ്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചും മൊബൈൽ ആപ്പ് ദുരുപയോഗം ചെയ്തും പണം തട്ടൽ. കാസർകോട് കുമ്പള സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനെട്ടായിരം രൂപ നഷ്ടപ്പെട്ടു. യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കുമ്പള സ്വദേശി നബീസക്ക് വന്ന മൊബൈൽ സന്ദേശമിതാണ്. നിങ്ങളുടെ സിമ്മിന്‍റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല. സന്ദേശം വന്ന 8250952988 എന്ന നമ്പറിലേക്ക് തന്നെ ഉടൻ വിളിക്കണം. 24 മണിക്കൂറിനുള്ളിൽ സിം പ്രവർത്തനരഹിതമാകും. ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഉടൻ റീചാർജ് ചെയ്യണമെന്നും മറ്റൊരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യണമെന്നും നിർദ്ദേശം. ഒരു മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീൻ മറ്റൊരാളുടെ മൊബൈലിലോ കമ്പ്യുട്ടറിലോ കാണാനും കൈകാര്യം ചെയ്യാനും സൗകര്യം കൊടുക്കുന്ന ആപ്ലിക്ലേഷനാണ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത്.
ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ട പ്രകാരം ഈ ആപ്പിൽ മറ്റൊരു ഐഡിയിൽ നിന്നു വന്ന കണക്ഷൻ ലിങ്ക് ചെയ്യാൻ നബീസ അനുവാദം നൽകി. തുടർന്ന് നെറ്റ് ബാങ്കിങ് വഴി ഓൺലൈനായി ഫോൺ റീചാർജ്ജ് ചെയ്യാനായി നിർദ്ദേശം. നെറ്റ്ബാങ്കിംഗിലൂടെ റീചാർജ്ജിന് ശ്രമിക്കുന്നതിനിടെ ഒരു ഒടിപി നമ്പർ എത്തി. അത് എടുത്ത് നോക്കി മിനിറ്റുകൾക്കകം അടുത്ത സന്ദേശം
മൊബൈൽ ആപ്പ് ദുരുപയോഗം ചെയ്ത് നെറ്റ്ബാങ്കിംഗ് അക്കൊണ്ടും പാസ്‌വേഡും, ഒടിപിയടക്കമുള്ള വിവരങ്ങളും ചോർത്തിയെന്ന് സംശയിക്കുന്നുവെന്ന് നബീസ. ഒരിക്കലും മൊബൈൽ സേവന ദാതാവായ കമ്പനിയുടെ കസ്റ്റമർ കെയർ ഈ രീതിയിൽ നിർദ്ദേശങ്ങൾ നൽകില്ലെന്നും മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. പരാതി കിട്ടിയെന്നും സൈബർ സെൽ അന്വേഷണം തുടങ്ങിയെന്നും കുമ്പള പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam