തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസ്: കുറ്റപത്രം സമർപ്പിച്ചു

By Web TeamFirst Published Jul 13, 2021, 12:05 AM IST
Highlights

മുളന്തുരുത്തിയിൽ തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. 

ഗുരുവായൂർ: മുളന്തുരുത്തിയിൽ തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻ ഉൾപ്പെടെ അഞ്ചു പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.

ഏപ്രിൽ 28 നാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ മുളന്തുരുത്തി സ്വദേശി ആശ മുരളീധരനെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. റെയിൽവേ പോലീസിൻറെ ഇരുപതംഗ സംഘമാണ് കേസന്വേഷിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ബാബുക്കുട്ടനെ പത്തനംതിട്ട ചിറ്റാറിൽ നിന്നാണ് പിടികൂടിയത്. 

വർക്കല അയിരൂർ കനാൽ പുറന്പോക്കിൽ സുരേഷ്, മകൻ മുത്തു, ശ്രീനിലയം അച്ചു, വർക്കല, മുത്താന സ്വദേശി പ്രദീപ് എന്നിവരാണ് മറ്റു പ്രതികൾ. മോഷണം മുതൽ പങ്കിട്ടെടുത്തവരും ബാബുക്കുട്ടനെ ഒളിവിൽ കഴിയാൻ സഹായിച്ചവരുമാണ് ഇവർ. മുത്തുവും പ്രദീപുമാണു സ്വർണാഭരണങ്ങൾ വിറ്റത്. 

വിറ്റുകിട്ടിയ 60000 രൂപ ഇവർ സുരേഷിനെ ഏൽപിച്ചു. സുരേഷാണു തുക വീതിച്ചു നൽകിയത്. പ്രതികൾക്കെതിരെ കൊലപാതകശ്രമം, കവർച്ച, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. തൊണ്ണൂറോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. സംഭവം ദിവസം ഗുരുവായൂരിൽ നിന്നുമാണ് ബാബുക്കുട്ടൻ തീവണ്ടിയിലെ ഡി 10 കന്പാട്ടുമെൻറിൽ കയറിയത്. 

മുളന്തുരുത്തിയിൽ വച്ച് യുവതി ഡി ഒമ്പത് കമ്പാർട്ടുമെൻറിൽ കയറുന്നത് ബാബുക്കുട്ടൻ കണ്ടു. തുടർന്ന് ഇയാൾ കമ്പാർട്ടുമെൻറിൻറെ മുൻപിലത്തെ വാതിൽ വഴി അകത്തു കയറി. മറ്റു യാത്രക്കാരൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യുവതിയെ ആക്രമിക്കുകയും ആഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്തത്. ഒലിപ്പുറം ലെവൽ ക്രോസിനു സമീപത്തു വച്ച് യുവതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

click me!