
ദില്ലി: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യൻ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വീരോചിതമായി പോരാടിയ ഇന്ത്യൻ വനിതകള്‍ 43 റണ്‍സകലെ പൊരുതി വീണു. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കുറിച്ച സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുമായി പൊരുതിയ ദീപ്തി ശര്‍മയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെയും പോരാട്ടമാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്. മന്ദാന 63 പന്തില്‍ 125 റണ്‍സെടുത്തപ്പോൾ ദീപ്തി ശര്‍മ 58 പന്തില്‍ 72ഉം ഹര്‍മന്‍പ്രീത് കൗര്‍ 35 പന്ചില്‍ 52 റണ്‍സുമെടുത്തു. 35 റണ്‍സെടുത്ത സ്നേഹ് റാണയും ഇന്ത്യക്കായി വാലറ്റത്ത് പൊരുതി. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കി. സ്കോര്‍ ഓസ്ട്രേലിയ 47.5 ഓവറില്‍ 412ന് ഓള്‍ ഔട്ട്, ഇന്ത്യ 47 ഓവറില്‍ 369ന് ഓള്‍ ഔട്ട്.
ഓസീസ് ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി മന്ദാനയും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 3.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സടിച്ചു. 10 പന്തില്‍ 12 റണ്‍സെടുത്ത പ്രതികാ റാവലിനെ കിം മക്‌ഗ്രാത്ത് മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളിനെ(14 പന്തില്‍ 11) കൂട്ടുപിടിച്ച് ഇന്ത്യയെ 8.4 ഓവറില്‍ 85 റണ്‍സിലെത്തിച്ചു. ഹര്‍ലീന്‍ ഡിയോളിനെ മെഗാന്‍ ഷട്ട് വീഴ്ത്തിയെങ്കിലും ക്യാപ്റ്റ ഹര്‍മന്‍പ്രീതിനെ കൂട്ടുപിടിച്ച് സ്മൃതി മന്ദാന ഇന്ത്യയെ പതിനൊന്നാം ഓവറില്‍ 100 കടത്തി. 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സ്മൃതി മന്ദാന 26 പന്തില്‍ 53 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ നല്‍കിയ ക്യാച്ച് ഗ്രേസ് ഹാരിസ് നഷ്ടമാക്കിയത് ഓസീസിന് തിരിച്ചടിയായി. പതിനഞ്ചാം ഓവറില്‍ 150 കടന്ന ഇന്ത്യ ഓവറില്‍ ശരാശരി 10 റണ്‍സ് വെച്ചാണ് സ്കോര്‍ ചെയ്തത്.
അലാന കിംഗിനെതിരെ സിക്സ് അടിച്ച് 50 പന്തില്‍ സെഞ്ചുറിയിലെത്തിയ മന്ദാന വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും ഏകദിനത്തിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയും സ്വന്തമാക്കി. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് പിന്തുണ നല്‍കി ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന് ഇടക്ക് പേശിവലിവ് അനുഭവപ്പെട്ടത് മത്സരത്തിന്‍റെ ഗതി തിരിച്ചു. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഹര്‍മന്‍(35 പന്തില്‍ 52) വിക്കറ്റിന മുന്നില്‍ കുടുങ്ങി മടങ്ങി. മൂന്നാം വിക്കറ്റില്‍ മന്ദാന-ഹര്‍മന്‍ സഖ്യം 121 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ആഷ്‌ലി ഗാര്‍ഡ്നറുടെ ഫുള്‍ടോസില്‍ അടിതെറ്റിയ സ്മൃതി മന്ദാനയും വീണതോടെ എളുപ്പം ജയിക്കാമെന്ന് കണക്കു കൂട്ടിയ ഓസീസിനെ ഞെട്ടിച്ച് ദീപ്തി ശര്‍മ പോരാട്ടം ഏറ്റെടുത്തു. റിച്ച ഘോഷ്(6) നിരാശപ്പെടുത്തിയെങ്കിലും രാധാ യാദവിനെയും(18), അരുന്ധതി റെഡ്ഡിയെയും(10) ഒടുവില്‍ സ്നേഹ് റാണയെയും കൂട്ടുപിടിച്ച് ദീപ്തി നടത്തിയ പോരാട്ടം ഇന്ത്യയെ അവിശ്വസനീയ ജയത്തിന് അടുത്തെത്തിച്ചെങ്കിലും 43-ാം ഓവറില്‍ ദീപ്തിയെ താഹില മക്‌ഗ്രാത്ത് വീഴ്ത്തിയതോടെ ഓസീസ് മത്സരം തിരിച്ചു പിടിച്ചു. ഓസീസിനായി കിംം മക്‌ഗ്രാത്ത് മൂന്നും മെഗാൻ ഷട്ട് രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓസ്ട്രേലിയന്‍ വനിതകള്‍ 47.5 ഓവറില്‍ 412 റണ്‍സിന് ഓള്‍ ഔട്ടായിയ 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ജോര്‍ജിയ വോള്‍ 81ഉം എല്‍സി പെറി 68ഉം ആഷ്‌ലി ഗാര്‍ഡ്‌നര്‍ 39ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക