
കോഴിക്കോട്: എലത്തൂരിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡില്‍. ശ്രീലേഷ് ,ഷൈജു എന്നിവരെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച രാജേഷ് ഗുരുതരാവസ്ഥയിലാണ്.
ഓട്ടോഡ്രൈവറായ രാജേഷ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരെ എലത്തൂരിനടുത്ത വെങ്ങാലിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രജീഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.
എലത്തൂര്‍ സ്റ്റാന്‍റില്‍ ഓട്ടോ ഓടിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ രാജേഷ് ഉടനടി ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 50 ശതമാനത്തിലേറെ പൊളളലേറ്റ രാജേഷ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സിപിഎം, സിഐടിയു പ്രാദേശിക നേതാക്കളില്‍നിന്ന് ഭീഷണിയുണ്ടായിരുന്നതായി രാജേഷിന്‍റെ ഭാര്യ രജിഷ നല്‍കിയ പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുളളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam