തക്കംനോക്കി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോള്‍ ബാഗുമായി ഓടി കള്ളന്മാര്‍; ഒന്നരകിലോമീറ്റര്‍ പിന്നാലെ പാഞ്ഞ് പൊലീസ്!

Published : Oct 15, 2022, 03:32 PM IST
തക്കംനോക്കി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോള്‍ ബാഗുമായി ഓടി കള്ളന്മാര്‍; ഒന്നരകിലോമീറ്റര്‍ പിന്നാലെ പാഞ്ഞ് പൊലീസ്!

Synopsis

പുലര്‍ച്ചെ ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലിറങ്ങി പരിസരം നിരീക്ഷിച്ച് നില്‍ക്കവേ എ സി കമ്പാര്‍ട്ട്മെന്‍റ് ഭാഗത്തായി ആള്‍ക്കാര്‍ ബഹളം വയ്ക്കുന്നത് കേട്ടാണ് ഇരുവരും അങ്ങോട്ടേയ്ക്ക് പാഞ്ഞത്

കാസര്‍കോട്: ട്രെയിനില്‍ മോഷണം നടത്തി ഇറങ്ങിയോടിയ കള്ളന്മാര്‍ക്ക് പിന്നാലെ പാ‌ഞ്ഞ് ബാഗ് വീണ്ടെടുത്ത് നല്‍കി പൊലീസ്. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എന്‍ മുഹമ്മദ്  ഫൈസലും കെ എം ഹിദായത്തുള്ളയുമാണ് ഒന്നര കിലോമീറ്ററോളം കള്ളന്മാര്‍ക്ക് പിന്നാലെ ഓടിയത്. കഴിഞ്ഞ ദിവസം  സേലത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു ഇരുവരും.

പുലര്‍ച്ചെ ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലിറങ്ങി പരിസരം നിരീക്ഷിച്ച് നില്‍ക്കവേ എ സി കമ്പാര്‍ട്ട്മെന്‍റ്  ഭാഗത്തായി ആള്‍ക്കാര്‍ ബഹളം വയ്ക്കുന്നത് കേട്ടാണ് ഇരുവരും അങ്ങോട്ടേയ്ക്ക് പാഞ്ഞത്. ട്രെയിനില്‍ നിന്നിറങ്ങി രണ്ട് പേര്‍ ഇറങ്ങി ഓടുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സേലം സ്വദേശിയായ യാത്രക്കാരന്‍റെ ലാപ്ടോപ്പ് ബാഗ് തട്ടിയെടുത്താണ് കള്ളന്‍മാര്‍ ഓടിയതാണെന്ന് മനസിലാക്കിയ പൊലീസുകാര്‍ പിന്നാലെ ഓടി.

ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇരുട്ടില്‍ റെയില്‍വേ ട്രാക്കിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളുടെ പുറകെ ടോര്‍ച്ചു വെട്ടത്തില്‍ ഒന്നര കിലോമീറ്ററോളം പൊലീസുകാരും ഓടി. പൊലീസ് ഉദ്യോഗസ്ഥര്‍ വിടാതെ പിന്തുടരുന്നത് മനസിലാക്കിയ കള്ളന്‍മാര്‍ ബാഗ് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം കാടിനുള്ളിൽ ഓടി മറയുകയായിരുന്നു. ടോര്‍ച്ച് വെളിച്ചത്തില്‍ കാട്ടില്‍ നിന്ന് ബാഗ് വീണ്ടെടുത്തശേഷം മുഹമ്മദ് ഫൈസലും ഹിദായത്തുള്ളയും കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.

ബാഗ് തിരിച്ചുകിട്ടിയ വിവരം  കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചതനുസരിച്ച് ഉടമ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. പിന്നാലെ വന്ന ട്രെയിനില്‍ ബാഗുമായെത്തിയ പൊലീസുകാര്‍ ഉടമയ്ക്ക് ബാഗ് കൈമാറുകയും ചെയ്തു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനുശേഷം ബാഗ് തട്ടിയെടുത്ത് ഞൊടിയിടയില്‍  കള്ളന്‍മാര്‍ ഇരുട്ടിലേയ്ക്ക് ഓടി മറയുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന സേലം സ്വദേശി പളനിസ്വാമി പൊലീസിന് നന്ദി പറഞ്ഞ് ബാഗ് ഏറ്റുവാങ്ങി. ജോലി സംബന്ധമായി മഹാരാഷ്ട്രയിലേയ്ക്കുള്ള യാത്രയിലായിരുന്നു പളനിസ്വാമി. 

കേസ് അന്വേഷിക്കാന്‍ വിളിച്ച് വരുത്തി, പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി; ഒത്തുതീര്‍പ്പാക്കി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ