ഇയാള്‍ അടക്കം കാണാതായ പെണ്‍കുട്ടിയെ അവസാനമായി നാല് പേര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ഇവരെയെല്ലാവരെയും വിളിച്ച് കാര്യം അന്വേഷിച്ച് മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കുകമാത്രമാണ് ഉണ്ടായതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.


ഇടുക്കി: ലക്ഷ്മി എസ്റ്റേറ്റില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്തിനെ കുറിച്ച് അന്വേഷിക്കാനായി വിളിച്ച് വരുത്തിയ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി പൊലീസ് തന്നെ ഒത്തുതീര്‍പ്പാക്കി. ആക്രമണത്തില്‍ പരിക്കേറ്റ ബത്തേരി വീട്ടില്‍ ഹര്‍ഡില്‍, കഴിഞ്ഞ ദിവസം ചിത്തരപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

പെണ്‍കുട്ടിയെ കാണാതായെന്ന കേസിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ തന്നെ യൂണിഫോമില്ലില്ലാതിരുന്ന മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് രണ്ട് മണിക്കൂറോളം മര്‍ദ്ദിച്ചെന്നായിരുന്നു ഹര്‍ഡില്‍ പരാതിപ്പെട്ടത്. കൈമുട്ട് ഉപയോഗിച്ച് നട്ടെല്ലില്‍ കുത്തുകയും വയറ്റില്‍ ഇടിക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൊഴി രേഖപ്പെടാന്‍ ആരും എത്തിയിരുന്നില്ല. 

എസ്‍സി എസ്‍ടി വകുപ്പിന് പരാതി നല്‍കുമെന്ന് യുവാവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇടനിലക്കാര്‍ മുഖേന പൊലീസുകാര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍, ഇയാള്‍ അടക്കം കാണാതായ പെണ്‍കുട്ടിയെ അവസാനമായി നാല് പേര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ഇവരെയെല്ലാവരെയും വിളിച്ച് കാര്യം അന്വേഷിച്ച് മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കുകമാത്രമാണ് ഉണ്ടായതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ ഇടനിലക്കാര്‍ വഴി പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കിയത്.


കുടുതല്‍ വായനയ്ക്ക്: യുവതിയെ കാണാനില്ലെന്ന് പരാതി; മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പൊലീസ് മര്‍ദ്ദിച്ചെന്ന് യുവാവ്

പ്രണയവിവാഹം, രണ്ട് മാസം കഴിയും മുമ്പ് നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി

തൊടുപുഴ : ഇടുക്കിയില്‍ നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്‍റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകും മുമ്പാണ് വധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

അനുഷയുടെ ഭർത്താവിന്‍റെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടനെ അനുഷയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടക്കും. തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തിൽ ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ് അനുഷ ജോര്‍ജ്. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടേയും സാബുവിന്‍റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. അതേസമയം അനുഷ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭർത്താവിന്‍റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.