ബംഗ്ലാ ഗ്യാങ്ങിന്‍റെ ലീഡര്‍, കൊടുംകുറ്റവാളി; കൈവിലങ്ങുമായി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് കുടുക്കി

By Web TeamFirst Published Jan 30, 2020, 8:38 AM IST
Highlights

മോഷണക്കേസുകള്‍ അടക്കം നിരവധിക്കേസുകളിലെ പ്രതിയാണ് മാണിക്. മോഷണ ശ്രമത്തിനിടെ ഇരകളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്നതായിരുന്നു ഇയാള്‍ നേതൃത്വം നല്‍കുന്ന ബംഗ്ലാ ഗ്യാങ്ങിനെ രീതി. 

ഷൊര്‍ണൂര്‍: കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി. ബംഗ്ലാദേശ് സ്വദേശിയായ മാണിക് മാസ്റ്ററാണ് ഏറനാട് എക്സ്പ്രസില്‍ നിന്ന് ഭാരതപ്പുഴക്ക് സമീപത്ത് നിന്ന് ചാടിപ്പോയത്. ചൊവ്വാഴ്ചയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഷൊര്‍ണൂര്‍ സ്റ്റേഷനോട് അടുത്ത് എത്തുന്നതിന് ഇടയിലായിരുന്നു ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. 

മോഷണക്കേസുകള്‍ അടക്കം നിരവധിക്കേസുകളിലെ പ്രതിയാണ് മാണിക്. മോഷണ ശ്രമത്തിനിടെ ഇരകളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്നതായിരുന്നു ഇയാള്‍ നേതൃത്വം നല്‍കുന്ന ബംഗ്ലാ ഗ്യാങ്ങിനെ രീതി. കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലും പ്രതിയാണ് മാണിക്ക്. 

ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഗ്യാങ്ങിന് കവര്‍ച്ചയ്ക്കിടയില്‍ മുന്നില്‍പ്പെടുന്നവരെയെല്ലാം ആക്രമിക്കുന്ന ശൈലിയാണുള്ളത്. വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും ആക്രമിച്ച് അറുപത് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ നിന്നുമായിരുന്നു ഇയാള്‍ പിടിയിലായത്. റിമാന്‍ഡ് ചെയ്ത ഇയാള്‍ കണ്ണൂര്‍ ജയിലിലായിരുന്നു. എന്നാല്‍ ഇവിടെ സഹതടവുകാരനെ ആക്രമിച്ച ഇയാളെ കാക്കനാടേക്ക് മാറ്റുകയായിരുന്നു. ഇതിനായി കാക്കനാടേക്ക് ട്രെയിനില്‍ കൊണ്ടുവരുന്നതിന് ഇടയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. 

ട്രെയിനില്‍ നിന്ന് പൊലീസുകാര്‍ ഇറങ്ങി തിരയാന്‍ തുടങ്ങിയപ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. കൈകള്‍ വിലങ്ങ് ബന്ധിച്ച അവസ്ഥയിലായിരുന്നതാണ് പൊലീസിന് പ്രതീക്ഷയായിരുന്നത്. നാലുമണിയോടെയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ബര്‍മുഡ ധരിച്ച ഒരാള്‍ ട്രാക്കിലൂട നടന്ന് പോവുന്നത് സമീപത്തെ ഒരു വീട്ടമ്മ ശ്രദ്ധിച്ചിരുന്നു. ലോക്കല്‍ പൊലീസും റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ വിജനമായ മേഖലകളില്‍ തിരയുന്നതിന് ഇടയിലാണ് ഒരു കെട്ടിടത്തില്‍ നിന്ന് ഇയാള്‍ ഇറങ്ങിയോടുന്നത് കണ്ടത്. 

അടുത്തെത്തിയ പൊലീസിനെ വിലങ്ങുപയോഗിച്ച് ഇയാള്‍ ആഖ്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ഇയാളെ പൊലീസുകാരന്‍ കീഴ്പ്പെടുത്തുകയായിരുന്നു. അതീവ അപകടകാരിയായ കവര്‍ച്ചക്കാരനാണ് മാണിക്. രക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ പിടികൂടാനായത് കേരള പൊലീസിന് നേട്ടമായി. തടവുകാരനുമായി കണ്ണൂര്‍ ജയിലില്‍ നടന്ന ഏറ്റുമുട്ടല്‍ ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായാണ് പൊലീസുകാര്‍ വിശദമാക്കുന്നത്. 


 

click me!