'അത് പൊലീസല്ല' യുവതി-യുവാക്കൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം കേസിൽ ഹോംഗാർഡ് പിടിയിൽ

By Web TeamFirst Published Feb 1, 2023, 4:31 PM IST
Highlights

ബെംഗളുരുവിൽ പൊലീസ് യുവതീയുവാക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയെന്ന ആരോപണത്തിൽ ട്വിസ്റ്റ്. ട്വിറ്ററിൽ യുവതി എഴുതിയ കുറിപ്പിന് പിന്നാലെ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഹോംഗാർഡ് അറസ്റ്റിലായത്.

ബെംഗളൂരു: ബെംഗളുരുവിൽ പൊലീസ് യുവതീയുവാക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയെന്ന ആരോപണത്തിൽ ട്വിസ്റ്റ്. ട്വിറ്ററിൽ യുവതി എഴുതിയ കുറിപ്പിന് പിന്നാലെ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഹോംഗാർഡ് അറസ്റ്റിലായത്. പൊലീസ് ചമഞ്ഞായിരുന്നു ഹോം ഗാർഡിന്‍റെ സദാചാരഗുണ്ടായിസം. 

നഗരത്തിലെ കുന്ദനഹള്ളി തടാകത്തിന് സമീപമായിരുന്നു സംഭവം. പൊലീസുകാരനാണെന്നും ഇവിടെ ഇരിക്കരുതെന്നും പറഞ്ഞ് യുവതിക്കും യുവാവിനുമടുത്തെത്തിയ ഹോംഗാർഡ് മഞ്ജുനാഥ റെഡ്ഡി, മൊബൈലിൽ ഇവരുടെ ചിത്രവുമെടുത്തു. സംഭവം കേസാക്കാതിരിക്കണമെങ്കിൽ കൈക്കൂലി വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 

തുടർന്ന് യുവാവ് പേടിഎം വഴി ആയിരം രൂപ ഹോംഗാ‍ർഡിന് കൈക്കൂലിയും നൽകി. ഇതേത്തുടർന്നായിരുന്നു യുവതി ട്വിറ്ററിൽ കുറിപ്പ് പങ്കുവയ്ക്കുകയും  പൊലീസിൽ പരാതി നൽകുകയും ചെയ്തത്. പിന്നാലെയാണ് ഇയാൾ പൊലീസുകാരനല്ലെന്ന് വ്യക്തമായത്. അതേസമയം അറസ്റ്റിലായ മഞ്ജുനാഥ റെഡ്ഡിയെ ബിബിഎംപി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

കുന്ദലഹള്ളി തടാകത്തിന്റെ കരയിലായിരുന്നു സുഹൃത്തിനൊപ്പം യുവതി വിശ്രമിക്കാനെത്തിയത്. എന്നാൽ ഇവിടെ ഇരിക്കാൻ അനുവാദമില്ലെന്ന് പൊലീസ് പറഞ്ഞു,  പിന്നീട് പൊലീസ് ഉദ്യോ​ഗസ്ഥൻ ചോദ്യം ചെയ്യാൻ ആംഭിച്ചു. നാടും ജോലിയും വീടും പൊലീസുകാരൻ ചോദിച്ചു. എന്തിനാണ് ഇവിടെ വന്നതെന്നും അനുവാദമില്ലാതെ ഇരുന്നതിന് പൊലീസ് സ്റ്റേഷനിലെത്തി പിഴ അടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.

Read more: 'തടാകക്കരയിൽ എത്തിയ തന്നെയും സുഹൃത്തിനെയും അപമാനിച്ചു'; ബെംഗളൂരു പൊലീസിനെതിരെ സദാചാര ആരോപണവുമായി പെൺകുട്ടി

ഇവിടെ ഇരുന്ന് നിങ്ങൾ പുകവലിക്കാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു. എന്നാൽ രണ്ട് പേരുടെയും കൈയില്‌‍ സി​ഗരറ്റില്ലെന്നും പുകവലിക്കില്ലെന്നും അറിയിച്ചെങ്കിലും ഇയാൾ അപമാനിക്കൽ തുടർന്നു. പ്രശ്നം ഇവിടെ അവസാനിപ്പിക്കണമെങ്കിൽ 1000 രൂപവേണമെന്ന് ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്യാത്തവരോട് എന്തിനാണ് ഇത്തരം സദാചാര പൊലീസിങ്ങെന്നും  രണ്ട് ജെൻഡറിൽ പെട്ടവരായതുകൊണ്ട് ഒരുമിച്ചിരുന്നാൽ പണം പിടിച്ചുവാങ്ങുന്നതാണോ പൊലീസിന്റെ ജോലിയെന്നും ഇവർ ട്വീറ്റ് ചെയ്തിരുന്നു.

click me!