
ബംഗളൂരു: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു. പൊലീസിന്‍റേത് ശരിയായ നടപടിയാണെന്നും അവസരോചിതമായാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ അത് പൊലീസിനു സൃഷ്ടിക്കുന്ന സമ്മർദ്ദം ചെറുതല്ല. കൊല നടത്തിയത് പുന:രാവിഷ്ക്കരിക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗമാണെന്നും അതിനിടയ്ക്ക് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതാണ് പൊലീസിന്‍റെ ഭാഗത്തു നിന്ന് കടുത്ത നടപടി ഉണ്ടാവാൻ കാരണമായതെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച സമയത്ത് പൊലീസിനു മുന്നിൽ വേറെ വഴികളില്ലായിരുന്നുവെന്നും റാവു കൂട്ടിച്ചേർത്തു.
സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു വെടിവെച്ചതെന്നും അല്ലാതെ പൊലീസ് ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കുകയായിരുന്നില്ലെന്നും സീനിയർ പൊലീസ് ഓഫീസർ ഹേമന്ദ് നിംബാൽക്കറും പറഞ്ഞു.
അന്വേഷണത്തിനിടെ പൊലീസുകാരിലൊരാളുടെ തോക്ക് പ്രതികളിലൊരാൾ തട്ടിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. കേസിലെ നാലുപ്രതികളെയും വെടിവെച്ചുകൊന്ന നടപടിക്ക് നേതൃത്വം നല്‍കിയ സൈബരാബാദ് പൊലീസ് കമ്മീഷണർ വിസി സജ്ജനാർ കർണ്ണാടകയിലെ ഹുബ്ബള്ളി സ്വദേശിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam