
തിരുവനന്തപുരം: വ്യാജ രേഖ ഉണ്ടാക്കി പളളി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിനെതിരെ കേസ്. ബിഷപ്പ് അടക്കം നാല് പേർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം മലമുകൾ സിഎസ്ഐ പള്ളിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. പളളിയുടെ പ്രസിഡന്റ് ശാമുവേലാണ് ഒന്നാം പ്രതി. ദക്ഷിണകേരള മഹാഇടവക ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. ബെന്നറ്റ് എബ്രഹാം രണ്ടാം പ്രതിയാണ്. ഇരുവരും ചേർന്ന് പള്ളിയുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ച് ഒരു ലക്ഷത്തി എണ്ണായിരം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
തട്ടിപ്പിന് കൂട്ടുനിന്നു എന്നതാണ് സിഎസ്ഐ സഭ മോഡറേറ്ററായ ധർമ്മരാജ് റസാലത്തിനെതിരായ കേസ്. കേസിൽ നാലാം പ്രതിയാണ് ബിഷപ്പ്. നന്ദൻകോട് എസ്ബിഐ ബാങ്ക് മാനേജർ മോളി തോമസിനെതിരെയും കേസുണ്ട്.
പളളി ഭാരവാഹികളിലൊരാൾ 2018 ൽ നൽകിയ ഹർജിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പളളിയുടെ 2017 വരെയുളള വരുമാനം നന്തൻകോട് എസ്ബിഐ ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. സഭ അംഗങ്ങൾ അറിയാതെ ഡോ. ബെന്നറ്റ് എബ്രഹാമും ശാമുവേലും കൂടി പണം തട്ടിയെന്നാണ് കേസ്. പ്രതികൾ ഈ മാസം 21 ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. കാരക്കോണം മെഡിക്കല്‍ കോളേജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട കേസിലും ബിഷപ്പ് ധര്‍മരാജ് റസാലത്തിനും ബെന്നറ്റ് എബ്രഹാമിനുമെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: എംബിബിഎസ് പ്രവേശന കോഴ : സിഎസ്ഐ ബിഷപ്പടക്കം മൂന്ന് പേര്‍ക്കെതിരെ ക്രിമിനൽ കേസിന് ശുപാര്‍ശ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam