തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ ബിഷപ്പ് അടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി ശുപാര്‍ശയുമായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ. ക്രിമിനൽ കേസിന് നടപടിവേണമെന്ന ശുപാര്‍ശയാണ് കമ്മീഷൻ സര്‍ക്കാരിന് നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തുക തിരിച്ചുപിടിക്കാൻ നടപടി എടുക്കണമെന്നും നിർദേശമുണ്ട്.

കാരക്കോണം മെഡിക്കൽ കോളെജിൽ എംബിബിഎസ്,എംഡി സീറ്റുകൾ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നൽകാതെ വഞ്ചിച്ചെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലം, കോളേജ് മുൻ ഡയറക്ടർ ഡോ ബെന്നറ്റ് എബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി തങ്കരാജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാനാണ് ശുപാർശ.

കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ്  വാഗ്ദാനം ചെയ്ത്  വാങ്ങിയ തലവരിപ്പണത്തെ  ചൊല്ലി സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് കോഴ വിവാദം പുറത്തറിഞ്ഞത് . തലവരിപ്പണമായി വാങ്ങിയ  കോടികള്‍  ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്നായിരുന്നു പുതിയ ഭരണ സമിതിയുടെ ആരോപണം.

തുടര്‍ന്ന് വായിക്കാം: തലവരിപ്പണത്തെച്ചൊല്ലി സിഎസ്ഐ സഭയിൽ പൊട്ടിത്തെറി: കള്ളപ്പണ ഇടപാടിൽ ബിഷപ്പും

24 പേരാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ പരാതിയുമായി നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നായിരുന്നു പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നൽകിയതെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതൽ മുൻകൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയതായി തെളിവെടുപ്പിൽ നേരത്തെ ബിഷപ്പ് അടക്കമുള്ളവർ സമ്മതിക്കുകയും ചെയ്തു. പരാതിക്കാർക്ക് 12തവണകളായി  തുക മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍റെ കര്‍ശന ഇടപെടൽ. രാജേന്ദ്ര ബാബു കമ്മീഷൻ ശുപാർശയിൽ ഇനി സർക്കാർ നടപടിയാണ് പ്രധാനം.