ആൽവാറിലെ ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്, മൂടിവെക്കാൻ സർക്കാർ ശ്രമമെന്ന് ബിജെപി

By Web TeamFirst Published Jan 15, 2022, 1:16 PM IST
Highlights

പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ ആവശ്യം. 

ദില്ലി: ആൽവാറിൽ ഫ്ലൈ ഓവറിന് സമീപത്ത് ഭിന്നശേഷിക്കാരി ആക്രമിക്കപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്ന് ബിജെപി. രാജസ്ഥാൻ കോൺഗ്രസ് സർക്കാർ കേസ് മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി എംപി കിരോടി ലാൽ മീണ ആരോപിച്ചു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ ആവശ്യം. 

ആൽവാറിലെ ഫ്ലൈ ഓവറിന് സമീപം അവശനിലയിൽ കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവത്തോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന് വ്യക്തമല്ല. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗം നടന്നതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. 

എന്നാൽ കേസ് മൂടിവെക്കാനുള്ള ശ്രമമാണ് രാജസ്ഥാൻ സർക്കാർ നടത്തുന്നതെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. കൂട്ടബലാത്സംഗം നടന്നുവെന്നതാണ്കുട്ടിയുടെ മുറിവുകൾ പരിശോധിച്ച ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. രണ്ട് ശസ്ത്രക്രിയകൾ ഇതിനോടകം നടത്തി. ബലാത്സംഗത്തിന് ഇരയായിട്ടില്ലെങ്കിൽ എന്തിനാണ് സർക്കാർ സഹായധനം നൽകിയതെന്നും ബിജെപി എംപി കിരോരി  ലാൽ മീന ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ  അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ കോൺഗ്രസ് നേതാക്കൾ മൌനം പാലിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ പ്രിയങ്ക ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സംസാരിച്ചു. കേസ് വിവരങ്ങൾ പ്രിയങ്ക ചോദിച്ചറിഞ്ഞതായാണ് വിവരം.

click me!