
ബെംഗളൂരു: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകൻ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് എടുത്തെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ ഗദഗ് ജില്ലയിലെ നരഗുണ്ട് താലൂക്കിലെ ഹദ്‌ലി ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലാണ് ദാരുണമായ സംഭവം. താൽക്കാലിക അധ്യാപകനായ മുത്തപ്പ യെല്ലപ്പ സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് കുട്ടിയെ ചട്ടുകം കൊണ്ട് അടിക്കുകയും താഴേക്ക് എറിയുകയും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. 45-കാരനാണ് മുത്തപ്പ. തിങ്കളാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം.
കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഇവര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. 'വീഴ്ചയുടെ ആഘാതത്തിൽ കുട്ടി കൊല്ലപ്പെടുകയും, ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു അധ്യാപകനായ ശിവാനന്ദ് പാട്ടീലിനും നിസാര പരിക്കുണ്ട്, അദ്ദേഹത്തെ അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്'- പൊലീസ് സുപ്രണ്ട് ശിവപ്രകാശ് ദേവരാജു മാധ്യമങ്ങളോട് പറഞ്ഞു.
Read more: സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെ 28കാരന്‍ കുത്തേറ്റു മരിച്ചു
ക്രൂരമായ ആക്രമണത്തിന് ശേഷം മുത്തപ്പ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൊലക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യം എങ്ങനെയാണ് സംഭവം നടന്നതെന്ന് വ്യക്തമാണ്. പക്ഷെ ഇതിനുള്ള കാരണത്തെ കുറിച്ച് വ്യക്തത ഇതുവരെയും വന്നിട്ടില്ല. രണ്ടോ മൂന്നോ ദിവസങ്ങൾക്കം സംഭവത്തിന് പിന്നിലെ കാരണങ്ങളടക്കമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. സ്കൂളിലെ എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam