'സയനൈഡ് കിട്ടാൻ പ്രജുകുമാറിന് 5000 രൂപയും മദ്യവും കൊടുത്തു', മാത്യുവിന്‍റെ മൊഴി

Published : Oct 14, 2019, 12:48 PM IST
'സയനൈഡ് കിട്ടാൻ പ്രജുകുമാറിന് 5000 രൂപയും മദ്യവും കൊടുത്തു', മാത്യുവിന്‍റെ മൊഴി

Synopsis

സയനൈഡ് ജോളിക്ക് നൽകിയെന്നാണ് മാത്യു പറയുന്നത്. മാത്യുവിനെ ഇപ്പോൾ പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. 

പയ്യോളി/വടകര: സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ചത് പണവും മദ്യവും നൽകി സ്വാധീനിച്ചിട്ടാണെന്ന് ജ്വല്ലറി ജീവനക്കാരൻ മാത്യുവിന്‍റെ മൊഴി. അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും നൽകിയാണ് പ്രജുകുമാറിൽ നിന്ന് സയനൈഡ് കൈക്കലാക്കിയത്. ഇത് ജോളിക്ക് കൈമാറി. യഥാർത്ഥത്തിൽ എന്തിനാണ് ഈ സയനൈഡെന്ന് തനിക്ക് അറിയില്ലായിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് തന്നോട് ജോളി പറഞ്ഞത് എന്നാണ് മാത്യു പറയുന്നത്. 

താൻ നേരിട്ടാണ് ജോളിക്ക് സയനൈഡ് കൊടുത്തത്. ജോളിക്ക് വേണ്ടിയാണ് സയനൈഡ് വാങ്ങിയതെന്ന് താൻ പ്രജുകുമാറിനോട് പറഞ്ഞിട്ടില്ല. തന്‍റെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് സയനൈഡ് എന്നാണ് പ്രജുകുമാറിനോട് പറഞ്ഞത്. അതിന് വേണ്ടിയാണ് മദ്യവും പണവും നൽകിയത്. പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ച ശേഷം ജോളിക്ക് ഇത് കൊണ്ടുപോയി നൽകിയെന്ന് മാത്യു പൊലീസിനോട് പറഞ്ഞു. 

എന്നാൽ പിന്നീടൊരു തവണ കൂടി ജോളി തന്നോട് സയനൈഡ് ചോദിച്ചു. അന്നും താൻ പ്രജുകുമാറിനോട് സയനൈഡ് എത്തിച്ച് തരാനാകുമോ എന്ന് ചോദിച്ചിരുന്നെന്നും എന്നാൽ സ്റ്റോക്കുണ്ടായിരുന്നില്ലാത്തതിനാൽ കൊടുക്കാൻ കഴിഞ്ഞില്ലെന്നും മാത്യു മൊഴി നൽകുന്നു.

ജോളിയുടെ ബന്ധുവാണ് മാത്യു. മാത്യുവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് ജോളി സയനൈഡ് കൈക്കലാക്കിയത്. പ്രജുകുമാറും ജോളിയും നേരിട്ട് പരിചയമുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

എല്ലാ കൊലപാതകങ്ങളും ജോളി നടത്തിയത് സയനൈഡ് ഉപയോഗിച്ചല്ല എന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ആദ്യം നടത്തിയ കൊലപാതകം, അതായത് അന്നമ്മയുടെ കൊലപാതകത്തിൽ ഉപയോഗിച്ചത് മറ്റേതോ വിഷമാണ്. അത് ഏതാണെന്ന് അന്വേഷണസംഘത്തിന് ഇതുവരെ വ്യക്തമായിട്ടില്ല. അന്നമ്മയുടെ മരണത്തിന് ശേഷമാണ് ജോളിയുടെ പക്കൽ സയനൈഡ് എത്തിയത്. ഇതിന് ശേഷമുള്ള കൊലപാതകങ്ങളെല്ലാം ജോളി സയനൈഡ് ഉപയോഗിച്ചാണ് നടത്തിയത്. 

Read more at: 'വിരൽ കൊണ്ടെടുക്കും സാറേ, കഴുകിക്കളയും, ഒരു പ്രശ്നവുമില്ല', സയനൈഡിനെക്കുറിച്ച് ജോളി

സയനൈഡ് എങ്ങനെ ഉപയോഗിക്കണമെന്നതടക്കമുള്ള കാര്യങ്ങളെല്ലാം ജോളി വിശദമായി മനസ്സിലാക്കിയിരുന്നു. പത്രമാധ്യമങ്ങളിലും ടിവിയിലും വരുന്ന വാ‍ർത്തകളിലൂടെയാണ് സയനൈഡിനെക്കുറിച്ച് ജോളി അറിഞ്ഞത്. പിന്നീടത് വിശദമായി പഠിച്ചു. 'കൈ കൊണ്ട് നുള്ളിയെടുത്താൽ മതി സാറേ, ഒരു കുഴപ്പവുമില്ല, ഞാൻ പല തവണ കഴുകിക്കളഞ്ഞിട്ടുണ്ട്' എന്നാണ് ജോളി പറഞ്ഞതെന്നാണ് അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്‍പി കെ ജി സൈമൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്യുന്നു

വടകരയിലെ റൂറൽ എസ്‍പിയുടെ ഓഫീസിലെത്തിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും അച്ഛൻ സക്കറിയയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇത് നാലാം തവണയാണ് ഷാജുവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ജോളിയെയും എസ്‍പി ഓഫീസിലെത്തിച്ചിട്ടുണ്ട്. ഷാജുവിനെ വിട്ടയച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടില്ലെന്നാണ് എസ്‍പി കെ ജി സൈമൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ''ഷാജു അപരാധിയാണെന്ന് നിലവിൽ പൊലീസ് പറയുന്നില്ല. പക്ഷേ പുറത്ത് പോയി ഷാജു ചാനലുകളിൽ എന്താണ് പറയുന്നതെന്ന് പലതും ഞാൻ കേൾക്കുന്നുണ്ട്. ഇതൊക്കെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പലതും പൊലീസിനോട് പറഞ്ഞിട്ടില്ലാത്തതാണ് പറയുന്നത്. ഞാൻ നിരപരാധിയാണെന്ന് പല തവണ എന്തിനാണ് ഷാജു പറഞ്ഞു കൊണ്ടേയിരിക്കുന്നത്? പൊലീസ് ഇതെല്ലാം കാണുന്നുണ്ടെന്ന ഓർമ ഉണ്ടായിരിക്കുന്നത് നല്ലതാണ്'', കെ ജി സൈമൺ വ്യക്തമാക്കി.

ഷാജുവിനെയും സക്കറിയയെയും വെവ്വേറെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. പിന്നീട് ജോളിയോടൊപ്പം ഇരുത്തിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. റോയ് തോമസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിട്ട ബന്ധു കാരപ്പറമ്പ് സ്വദേശി ജോസഫിനെ രണ്ടാമതും മൊഴി എടുക്കാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ