ഇഷ്ടിക വീണ് മുട്ട പൊട്ടി; വീട്ടുകാർ നോക്കിനിൽക്കെ പതിനാറുകാരനെ കടയുടമയുടെ മകന്‍ കുത്തിക്കൊന്നു

By Web TeamFirst Published Aug 19, 2020, 8:12 PM IST
Highlights

കൊലപാതകം നടന്ന കടയ്ക്ക് വെളിയിലാണ് ഇഷ്ടിക കൂട്ടിവെച്ചിരുന്നത്. ഇതിനിടെ കടയ്ക്ക് വെളിയില്‍ ട്രേയില്‍ വച്ചിരുന്ന മുട്ട ഇഷ്ടിക വീണ് പൊട്ടിയതിനെ ചൊല്ലി രണ്ടു വിഭാ​ഗവും തമ്മില്‍ തര്‍ക്കമായി. 

ദില്ലി: കടയില്‍ ഇഷ്ടിക വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തിക്കൊന്നു. ദക്ഷിണ ദില്ലിയിലെ സംഗം വിഹാറിലാണ് സംഭവം. 16കാരനായ മൊഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. സംഭവത്തില്‍ 22 കാരനായ ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അച്ഛനും സഹോദരനുമൊപ്പം ചേര്‍ന്ന് 16കാരന്‍ ഇഷ്ടികകൾ കൂട്ടിവെയ്ക്കുകയായിരുന്നു. കൊലപാതകം നടന്ന കടയ്ക്ക് വെളിയിലാണ് ഇഷ്ടിക കൂട്ടിവെച്ചിരുന്നത്. ഇതിനിടെ കടയ്ക്ക് വെളിയില്‍ ട്രേയില്‍ വച്ചിരുന്ന മുട്ട ഇഷ്ടിക വീണ് പൊട്ടിയതിനെ ചൊല്ലി രണ്ടു വിഭാ​ഗവും തമ്മില്‍ തര്‍ക്കമായി. പിന്നാലെ നഷ്ടപരിഹാരം നല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി. 

എന്നാല്‍, കടയുടമയുടെ മകന്‍ തിരിച്ചുവന്ന് വീണ്ടും പ്രശ്‌നങ്ങള്‍ വഷളാക്കുക ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ നടന്ന വാക്കേറ്റത്തിനിടെ പ്രതി 16കാരന്‍ തളളിനീക്കി. ഇതില്‍ പ്രകോപിതനായ ഫറൂഖ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് കുടുംബം നോക്കിനില്‍ക്കേ മൊഹമ്മദിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

click me!