കുമ്പള കൊലപാതകം: വൈരാഗ്യം സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി, ആസൂത്രണം മദ്യപാനത്തിനിടെ

By Web TeamFirst Published Aug 19, 2020, 2:49 PM IST
Highlights

ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് നാലംഗ സംഘം കൃത്യം നടത്തിയത്. കൊലപാതകത്തിന്‍റെ ആസൂത്രണങ്ങള്‍ നടത്തിയത് മദ്യപാനത്തിനിടെയായിരുന്നു. 

കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുളള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മുഖ്യപ്രതി നൽകിയ മൊഴി. 5 മാസത്തിലേറെയായി പ്രതി ശ്രീകുമാറിന് കൊല്ലപ്പെട്ട ഹരീഷുമായി വൈരാഗ്യമുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് നാലംഗ സംഘം കൃത്യം നടത്തിയത്. കൊലപാതകത്തിന്‍റെ ആസൂത്രണങ്ങള്‍ നടത്തിയത് മദ്യപാനത്തിനിടെയായിരുന്നു. 

അതേ സമയം ആത്മഹത്യ ചെയ്ത മണിക്കും റോഷനും കൊല്ലപ്പെട്ട ഹരീഷമായി മുൻപരിചയമോ ബന്ധമോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച വസ്ത്രം കണ്ടെത്താൻ പ്രതി ശ്രീകുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. 

കുമ്പള കൊലപാതകം: 'ആത്മഹത്യ ചെയ്ത റോഷനും മണികണ്ഠനും കൃത്യത്തില്‍ പങ്ക്', പ്രതി കുറ്റം സമ്മതിച്ചു

ഇന്നലെ വൈകിട്ട് തൂങ്ങിമരിച്ച മണിക്കും റോഷനും കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും  പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ശ്രീകുമാറിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഷൻ, മണി എന്നിവരുൾപ്പെടെ നാലംഗസംഘമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് ശ്രീകുമാറിന്‍റെ മൊഴി. റോഷന്‍റേയും മണികണ്ഠന്‍റേയും മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ പ്രതിയാകുമെന്ന ഭയം കൊണ്ട് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.

കൊലയാളി സംഘത്തിലെ ഒരാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി 9.30യോടെയാണ് കാറിലെത്തിയ സംഘം വീട്ടിലേക്കുള്ള വഴിയിൽ വച്ച് ഹരീഷിനെ തടഞ്ഞുനിർത്തി ആക്രമിച്ചത്. പോസ്റ്റ്മോർട്ടത്തിൽ തലക്കും കഴുത്തിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്തി കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു ആയുധം കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. വൈകിട്ടോടെ മുഖ്യപ്രതി ശ്രീകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ദരിദ്രകുടുംബത്തിലെ അംഗങ്ങളായ യുവാക്കളുടെ ആത്മഹത്യക്ക് ഉത്തരവാദി ശ്രീകുമാറാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഹരീഷിന്‍റെ കൊലപാതകം നടന്ന തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ഇവർ രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. പിന്നീട് മണൽ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി. മണികണ്ഠന്‍റേയും റോഷന്‍റേയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

click me!