നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നു

By Web TeamFirst Published Sep 26, 2020, 3:17 PM IST
Highlights

നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജന ഹരീഷ് മരിച്ചത് ഉൾപ്പെടെയാണ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും

കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്. 

"

കഴിഞ്ഞ മെയ് 12നാണ് അഞ്ജന ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മറ്റ് നാല് പെൺകുട്ടികളുടെ മരണങ്ങളും ഏറെ സമാനമാണെന്നാണ് കണ്ടെത്തൽ. സംവിധായകൻ ലെനിൽ രാജേന്ദ്രന്‍റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മരണങ്ങൾക്കെല്ലാം ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എടിഎസിന്‍റെ അന്വേഷണം. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിർണ്ണായക മൊഴികളും രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടി. 

അഞ്ജനയും സുഹൃത്തുക്കളുമായുള്ള അവസാന ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ലഹരി മാഫിയക്കും ചില സ്വതന്ത്ര ലൈംഗിക സംഘടനകൾക്കും ഈ മരണങ്ങളുമായി ബന്ധമുണ്ടെന്നാണ് നിഗമനം. വിഷാദ രോഗികൾക്ക് മയക്കുമരുന്ന് നൽകുന്ന ഡോക്ടർമാരും അന്വേഷണ പരിധിയിലുണ്ട്. 
സാമൂഹ്യമാധ്യമങ്ങളിലെ ചില ഡേറ്റിംഗ് ഗ്രൂപ്പുകളും അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒരു സംഘത്തിന് നേരെ ആരോപണം ഉയർന്നിരുന്നു. ഇവരുടെ നീക്കങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

click me!