സ്ലീപ്പർ ബസിൽ യാത്രക്കാർ ഉറക്കത്തിൽ, അമിത വേഗത്തിൽ ഇടിച്ച് കയറിയത് ട്രെക്കിലേക്ക്, അഗ്നിഗോളമായി ബസ്, 8 പേർക്ക് ദാരുണാന്ത്യം, 22 പേർക്ക് ഗുരുതര പരിക്ക്

Published : Jul 01, 2026, 09:09 AM IST
bus accident

Synopsis

അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറി തീ പിടിക്കുകയായിരുന്നു.

ദൗസ: തീർത്ഥാടകരുമായി എത്തിയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറി കത്തിയമർന്നു. ഡൽഹി മുംബൈ എക്സ്പ്രസ് വേയിൽ വൻ അപകടം. 8 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. ഋഷികേശിൽ നിന്നും മുപ്പത്തിയേഴോളം യാത്രക്കാരുമായി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറി തീ പിടിക്കുകയായിരുന്നു. പുലർച്ചെ ഏകദേശം രണ്ടരയോടെ ദൗസ ജില്ലയിലെ കോൽവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വിശ്രമകേന്ദ്രത്തിന് സമീപം വെച്ച് ബസ് മുന്നിൽ പോവുകയായിരുന്ന വലിയൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയും തൊട്ടുപിന്നാലെ ബസിന്റെ പിൻഭാഗത്തുനിന്ന് അതിശക്തമായ തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. നിമിഷങ്ങൾക്കകം ഇരു വാഹനങ്ങളും അഗ്നിഗോളമായി മാറുകയായിരുന്നു.

അപകടം നടക്കുന്ന സമയത്ത് ബസിലെ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. കൂട്ടിയിടിയുടെ അതിശക്തമായ ആഘാതത്തിൽ ബസിന്റെ മുകളിലത്തെ ബർത്തുകളിൽ ഉറങ്ങുകയായിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീഴുകയും പലർക്കും തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തീപടർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ സഹായത്തിനായി നിലവിളിച്ചു. എന്നാൽ പലരും ബസിനുള്ളിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ മരിച്ച എട്ട് പേരിൽ അഞ്ച് പേർ തീപ്പൊള്ളലേറ്റും മറ്റ് രണ്ട് പേർ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ കാരണവുമാണ് മരണപ്പെട്ടതെന്നാണ് ദൗസ ജില്ലാ പോലീസ്വിശദമാക്കിയത്. അപകടം നടന്നയുടൻ തന്നെ ചില യാത്രക്കാർക്ക് സ്വയം പുറത്തുകടക്കാൻ കഴിഞ്ഞെങ്കിലും മറ്റുള്ളവർ തീയും പുകയും നിറഞ്ഞ ബസിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ബസിന്റെ അടിയിലുള്ള സ്റ്റോറേജ് കമ്പാർട്ട്മെന്റിൽ വലിയ അളവിൽ സിഗരറ്റ് പാക്കറ്റുകൾ സൂക്ഷിച്ചിരുന്നു. ഇതാണ് നിമിഷ വേഗത്തിൽ വലിയ രീതിയിൽ തീ പടരാൻ കാരണമായതെന്നും ആരോപണമുണ്ട്.

 

 

വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും ആംബുലൻസുകളും ഉൾപ്പെടെയുള്ള അടിയന്തര രക്ഷാസംഘങ്ങൾ ഉടനടി സംഭവസ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ അതിസാഹസികമായാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുപത്തിരണ്ട് പേരെയും ഉടനടി അടുത്തുള്ള ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ചില യാത്രക്കാരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ദൗസ പോലീസ് സൂപ്രണ്ടും മറ്റ് ഉന്നത റവന്യൂ ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തിന് നിർദ്ദേശം നൽകി. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോഹഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളുടെ തള്ളിക്കയറ്റം, 'സിയ പോയിന്റ്' ചോദിച്ചെത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് അധികൃതർ
'ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി, പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ