
ചെന്നൈ: ചെന്നൈയില്‍ സിബിഐ കസ്റ്റഡിയിലുള്ള 104 കിലോ സ്വർണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സിബിഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ആറ് സിബിഐ ഉദ്യോഗസ്ഥർക്ക് സിബിസിഐഡി നോട്ടീസ് അയച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യസ്ഥാപനത്തില്‍ നിന്ന് സിബിഐ പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന 104 കിലോസ്വർണ്ണമാണ് സിബിഐ കസ്റ്റഡിയിൽ നിന്നും കാണാതായത്.
2012 ൽ സുരാന കോർപറേഷൻ ലിമിറ്റഡിന്‍റെ ഓഫീസില്‍ നിന്ന് 400.5 കിലോഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോർപറേഷൻ ലിമിറ്റഡിന് മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വഴിവട്ട സഹായം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അന്ന് പിടിച്ചെടുത്ത സ്വർണത്തിൽ നിന്നാണ് 104 കിലോഗ്രാം കാണാതായത്.
സുരാന കോര്‍പ്പറേഷന്‍ വായ്പാ കുടിശിക വരുത്തിയതോടെ സിബിഐ പിടിച്ചെടുത്ത സ്വര്‍ണം എസ്ബിഐ ഉള്‍പ്പടെ ആറ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ച്
സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിലവറകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് 45 കോടി രൂപയുടെ സ്വര്‍ണം കാണാതായതായി കണ്ടെത്തിയത്.സിബിഐ ലോക്കറിന് പകരം സുരാന കോർപറേഷൻ ലിമിറ്റഡിന്‍റെ ലോക്കറില്‍ സ്വര്‍ണം സീല്‍ ചെയ്തു സൂക്ഷിച്ചിരുന്നുവെന്നാണ് സിബിഐ പറയുന്നത്. ലോക്കറിന്റെ താക്കോൽ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചതായും സിബിഐ അവകാശപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam