Latest Videos

ബീഫ് കറിയുടെ വിലയെ ചൊല്ലി തര്‍ക്കം; ക്യാൻറ്റീൻ ജീവനക്കാരനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

By Web TeamFirst Published Jun 23, 2020, 12:54 AM IST
Highlights

പൊറോട്ടയുടെയും ബീഫിന്‍റെയും വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആർടിസി ക്യാൻറ്റീൻ ജീവനക്കാരനെ യുവാവ് കുത്തി കൊലപ്പെടുത്തിയത്.

ആലപ്പുഴ: ഭക്ഷണത്തിന്‍റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ ചേർത്തല കെഎസ്ആർടിസി ക്യാൻറ്റീൻ ജീവനക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പൊറോട്ടയുടെയും ബീഫിന്‍റെയും വിലയെ ചൊല്ലിയാണ് തർക്കമുണ്ടായത്. തണ്ണീർമുക്കം സ്വദേശി അനിൽകുമാറിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2011 ഡിസംബർ 29 ന് രാത്രിയിലാണ് സംഭവം. 

ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ക്യാൻറ്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ അനിൽകുമാർ പൊറോട്ടയും ബീഫും ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചശേഷം ബില്ല് നൽകിയപ്പോൾ വില കൂടുതലാണെന്ന പേരിൽ ജീവനക്കാരനായ ഡൊമിനിക്കുമായി തർക്കമുണ്ടായി. ശേഷം പുറത്തിറങ്ങിയ പ്രതി ജീവനക്കാരൻ ജോലി കഴിഞ്ഞ് പുറത്തിറങ്ങും വരെ കാത്തുനിന്നു. പിന്നീട് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചു മാരകമായി കുത്തിപരിക്കേൽപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഡൊമനിക് മരിച്ചു.

ചേർത്തല പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 28 സാക്ഷികളെ വിസ്തരിച്ചു. ജീവപര്യന്തം തടവിനൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക മരിച്ച ഡൊമനിക്കിന്‍റെ കുടുംബത്തിന് നൽകും.

click me!