
പാലക്കാട്: വസ്തുവിന് ഒരു ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയതാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിനെ കുടുക്കിയത്. മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കര്‍ സ്ഥലത്തിന്റെ ലൈക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫില്‍ഡ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ കൈവശം ആണെന്ന് അറിഞ്ഞു.
ഇതോടെ സുരേഷ് കുമാറിനെ ഫോണ്‍ വിളിച്ചപ്പോള്‍ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണവുമായി മണ്ണാര്‍ക്കാട് താലുക്ക് തല റവന്യ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജില്‍ ഇന്ന് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിയിച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ കുടുക്കാൻ വലവിരിക്കുകയും പിടികൂടുകയും ചെയ്തു.
വെറും 2500 രൂപയുടെ കൈക്കൂലി കേസിൽ തുടങ്ങിയ അന്വേഷണവും റെയ്ഡും കഴിഞ്ഞപ്പോൾ പുറത്തുവന്നത് വമ്പൻ കൈക്കൂലി സമ്പാദ്യത്തിന്റെ കഥയാണ്. വെറും വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ആയ സുരേഷ് കുമാറിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർത്തിയായപ്പോൾ പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപ മൂല്യമുള്ള പണവും രേഖകളുമാണ്. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്.
സുരേഷ് കുമാറിനെ രാവിലെ വിജിലൻസ് പിടികൂടിയിരുന്നു. പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. എംഇഎസ് കോളേജിന്‍റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്‍റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.
Read more: ചെറിയനാട് സ്റ്റേഷനിൽ നിർത്താൻ മറന്ന് വേണാട് എക്സ്പ്രസ്; പിന്നെ സംഭവിച്ചത് കാണാം!
മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷൻ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു. തുടര്‍ന്നാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ച അവസരത്തില്‍ തന്നെ 500 രൂപ വാങ്ങുകയും പിന്നീട് എംഇഎസ് കോളജില്‍ അദാലത്ത് നടക്കുമ്പോള്‍ 2,500 രൂപ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടത്. തുടർന്നാണ് സുരേഷ് കുമാറിൻ്റെ വീട്ടിൽ റെയ്ഡ് നടന്നത്.അതേസമയം സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടക്കുമ്പോഴായിരുന്നു. അദാലത്ത് വേദിയുടെ പുറത്ത് കാറിൽ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam