
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം കരുംകുളം പുതിയതുറയിലുണ്ടായ കോൺഗ്രസ് - സിപിഎം സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും മർദ്ദനമേറ്റ സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് ആണ് കേസെടുത്തത്. കോൺഗ്രസ് നേതാവ് പുഷ്പം സൈമൺ, പുഷ്പം വിൻസന്റ്, സച്ചിൻ സൈമൺ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ.എസ്.അജിത്തിനെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇത് തടയുന്നതിനിടെ കവിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി, മകൻ നിരഞ്ജൻ തുടങ്ങിയവർക്ക് മർദ്ദനമേറ്റിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തിൽ രാവിലെ 11ഓടെയായിരുന്നു സംഭവം. കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു വിഭാഗം കോൺഗ്രസുകാർ വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമായി മാറിയത്. പരിക്കേറ്റ വിനോദ് വൈശാഖി, മകൻ നിരഞ്ജൻ തുടങ്ങിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ നൽകിയ പരാതിയിലാണ് കേസെടുത്തത്