അമിത് ഷായുടെ സെക്രട്ടറി എന്നും പറഞ്ഞ് ഗഡ്‌കരിയുടെ സ്റ്റാഫിനെ വിളിച്ചു, കുടുങ്ങി

By Web TeamFirst Published Jul 18, 2020, 4:12 PM IST
Highlights

ആ ഫോൺ വിളിയുടെ ആധികാരികതയിൽ സംശയം തോന്നിയ പ്രസ്തുത സ്റ്റാഫ് അംഗം നേരെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു. 

ദില്ലി: കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പേഴ്സണൽ സ്റ്റാഫിൽ ഒരാൾക്ക് ഒരു ഫോൺ വന്നു. വിളിച്ചയാൾ പറഞ്ഞത് താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിക്കുന്നതെന്നായിരുന്നു. അയാൾ വിളിച്ചത്, ഗ്വാളിയോറിലെ ഗതാഗതവകുപ്പ് കാര്യാലയത്തിൽ ട്രാൻസ്‌പോർട്ടേഷൻ ഇൻസ്‌പെക്ടർ പദവിയിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തിയുടെ മറ്റൊരു ജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ ഉത്തരവ് മരവിപ്പിക്കണം എന്ന് ആവശ്യപ്പെടാൻ വേണ്ടിയായിരുന്നു. 

ആ ഫോൺ വിളിയുടെ ആധികാരികതയിൽ സംശയം തോന്നിയ പ്രസ്തുത സ്റ്റാഫ് അംഗം നേരെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു. അവർ ഫോൺ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഫോൺ കൈമാറി. താൻ അങ്ങനെ ഒരു ഫോൺ വിളി നടത്തിയിട്ട് ഇല്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ ഇക്കാര്യത്തിൽ ഒരു പൊലീസ് പരാതി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. 

ഗഡ്കരിയുടെ പേഴ്സണൽ സ്റ്റാഫംഗത്തെ വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ, അത് മധ്യപ്രദേശിലെ രേവയിലുള്ള അഭിഷേക് ദ്വിവേദിയുടെ നമ്പർ ആണെന്ന് മനസ്സിലായി. ഫോൺ വിളിച്ചപ്പോൾ മുംബൈയിൽ ആയിരുന്നു അയാളുടെ ലൊക്കേഷൻ. പൊലീസ് അന്വേഷണം തുടങ്ങി എന്ന് മനസ്സിലായതോടെ യുവാവ് ഒളിവിൽ പോയി. പിന്നാലെ കൂടിയ പൊലീസ് സംഘം ഇൻഡോറിൽ വെച്ച് അയാളെ അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിൽ, തന്റെ ബാല്യകാല സുഹൃത്തായ വിനയ് സിംഗ് ബഘേൽ എന്ന സർക്കാർ ഉദ്യോഗസ്ഥനാണ് തന്റെ ട്രാൻസ്ഫർ റദ്ദാക്കിക്കൊടുക്കണം എന്ന ആവശ്യവുമായി തന്നെ സമീപിച്ചത് എന്ന വെളിപ്പെടുത്തൽ അഭിഷേകിൽ നിന്നുണ്ടായത്. 

രേവയിൽ സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥിരം കുറ്റവാളിയാണ് അഭിഷേക് ദ്വിവേദി എന്നാണ് പ്രാഥമികമായ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. നാലുദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ പൊലീസ് ഏറ്റുവാങ്ങിയ അഭിഷേകിനെ ദില്ലി കോടതിയിൽ ഹാജരാക്കും എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

click me!