
കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.
ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. യുവതിയെ ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചേരാനല്ലൂര്‍ പൊലീസ് വ്യക്തമാക്കി.
ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്യുകയായിരുന്നു.
Read More: പണത്തെച്ചൊല്ലി സഹായിച്ചവരുടെ ഭീഷണി; പൊട്ടിക്കരഞ്ഞ് വര്‍ഷ- വീഡിയോ
പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയാണ് കണ്ണൂര്‍ തളിപ്പറമ്പുകാരിയായ വര്‍ഷയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പുറത്തുവിട്ടു.
നേരത്തെ അമ്മയുടെ ശസ്ത്രക്രിയ നടത്താനായി സമൂഹമാധ്യമങ്ങളില്‍ സഹായം തേടിയ തളിപ്പറമ്പ് സ്വദേശിനിയായ വര്‍ഷയെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ സഹായിച്ചിരുന്നു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വര്‍ഷ വെളിപ്പെടുത്തിയിരുന്നു.
Read More: വർഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ പെങ്ങളല്ലേ; പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍
ഒരുപാട് പേര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. രക്ഷകന്‍റെ രൂപത്തില്‍ വന്നയാള്‍ ഇപ്പോള്‍ കാലന്‍റെ രൂപത്തില്‍ ആയിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് പോലും കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറഞ്ഞിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യമെന്നുമായിരുന്നു വര്‍ഷ വ്യക്തമാക്കിയത്. വര്‍ഷയുടെ ആരോപണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുക്കുകയും ചെയ്തതോടെയാണ് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam