തിലകനും തനിക്കും തമ്മിൽ യാതൊരു തർക്കങ്ങളോ മുൻ വൈരാഗ്യമോ ഇല്ലെന്നും ബിന്ദു

കൊച്ചി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകനെ പൊലീസ് പിടികൂടി. നെടുമ്പാശേരി തെക്കേപ്പറമ്പിൽ തിലകൻ (56)ആണ് പൊലീസിന്റെ പിടിയിലായത്. വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്നാണ് തിലകൻ, നെടുമ്പാശേരി പഞ്ചായത്ത് 16-ാം വാർഡ് മെമ്പറായ ബിന്ദു സാബുവിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞത്. രാത്രി ഒൻപത് മണിയോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞത്. ഗുണ്ട് വീണത് മതിലിന് പുറത്തായതിനായിരുന്നതിനാൽ വൻ അപകടം ഒഴിവായെന്ന് ബിന്ദു പറയുന്നു. വീടിന്റെ കാർ പോർച്ചിൽ ബൈക്കും കാറും സംഭവ സമയത്ത് ഉണ്ടായിരുന്നു. തിലകനും തനിക്കും തമ്മിൽ യാതൊരു തർക്കങ്ങളോ മുൻ വൈരാഗ്യമോ ഇല്ലെന്നും ബിന്ദു വ്യക്തമാക്കി. വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ബിന്ദു ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗുണ്ടെറിഞ്ഞത്. സാധാരണയായി ബിന്ദു തനിച്ചാണ് താമസം. സംഭവ ദിവസം മകനും വീട്ടിലുണ്ടായിരുന്നത് അപ്രതീക്ഷിത സംഭവങ്ങളെ നേരിടാൻ കരുത്തായെന്നാണ് ബിന്ദു പ്രതികരിക്കുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം