മുണ്ടക്കയം മേഖലയില്‍ വ്യാപക ചാരായ വാറ്റ്; കര്‍ശന പരിശോധനയുമായി എക്സൈസും പൊലീസും

By Web TeamFirst Published Apr 5, 2020, 1:38 AM IST
Highlights

വിദേശമദ്യം ലഭിക്കാതായതോടെ മുണ്ടക്കയം മേഖലയിൽ വ്യാജമദ്യ നിർമ്മാണം വർധിക്കുന്നു.

കോട്ടയം: വിദേശമദ്യം ലഭിക്കാതായതോടെ മുണ്ടക്കയം മേഖലയിൽ വ്യാജമദ്യ നിർമ്മാണം വർധിക്കുന്നു.വനമേഖല കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിർമ്മാണം. ഇന്നലെ ഇവിടെ നിന്നും 60 ലിറ്റര്‍ കോട കണ്ടെടുത്തു ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വനമേഖലയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാറിയാണ് കോട കണ്ടെടുത്തത്.പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ശ്രദ്ധയില്‍ പെടാതിരിക്കാൻ ഇലകളും മറ്റുമിട്ട് മൂടിയിരുന്നു.ഉദ്യോഗസ്ഥര്‍ എത്തി കോട നശിപ്പിച്ചു .വണ്ടൻപതാല്‍ ഫോറസ്റ്റ് ഓഫീസ് പരിധിയിലാണ് കോട കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. ലോക് ഡൗൺ പശ്ചാത്തലത്തിൽ വ്യാജമദ്യം കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കുകയാണ് എക്സൈസ്.

മുണ്ടക്കയത്ത് കൂട്ടിക്കൽ വില്ലേജിൽ ഞർക്കാട്, ഗുരുമന്ദിരം ജങ്ഷന് സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് വ്യാജമദ്യം നിർമ്മിക്കുന്നതിനാവശ്യമായ കോട കുറച്ച് ദിവസം മുൻപ് പിടികൂടിയിരുന്നു. 200 ലിറ്റർ കോടയാണ് അന്ന് എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഏന്തയാർ സ്വദേശി മാനസം വീട്ടിൽ ബിജു നരേന്ദ്രൻ എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് കോട പിടികൂടിയത്. 

തോട്ടത്തിനകത്ത് താമസില്ലാതെ കിടന്ന വീട്ടിൽ ബാരലുകളിൽ നിറച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു കോട. പൊൻകുന്നം എക്സൈസ് സർക്കിൾ റേഞ്ച് ഓഫിസും എരുമേലി റേഞ്ച് ഓഫീസും, പൊലീസും ചേർന്ന് പ്രധാന വാറ്റ് കേന്ദ്രങ്ങളായ കുഴിമാവ്,കോപ്പാറ ,പമ്പാവാലി വനമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ട്.
 

click me!