സംസ്കാരം കഴിഞ്ഞ് 20 ദിവസത്തിനു ശേഷം യുവതിയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി പുറത്തെടുത്തു

By Web TeamFirst Published Jun 2, 2019, 12:58 AM IST
Highlights

സംസ്കാരം നടത്തി ഇരുപതു ദിവസത്തിനു ശേഷം യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. 

എറണാകുളം: സംസ്കാരം നടത്തി ഇരുപതു ദിവസത്തിനു ശേഷം യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. ചികിത്സാ പിഴവിനെ തുടർന്നാണ് മരണമെന്ന ഭർത്താവിൻറെ പരാതിയെ തുടർന്നാണ് നടപടി.

പറവൂർ സ്വദേശിയും പൊലീസുകാരനുമായ വിനുവിന്‍റെ ഭാര്യ റിൻസിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ പതിനൊന്നിന് മരിച്ചത്. റിൻസിയുടെ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. 

ഇതിനു ശേഷം രാത്രി ഒൻപതു മണിയോടെ അപ്രതീക്ഷിതമായി റിൻസി മരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. തുടർന്ന് പൊലീസിനു മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഫോർട്ട് കൊച്ചി സബ്കളക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറിനു ശേഷം ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണമായതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തും. മരണകാരണം വ്യക്തമായ ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് വിനുവിന്‍റെയും ബന്ധുക്കളുടെയും തീരുമാനം. 

click me!