
വയനാട്: വയനാട് മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണത്തിലെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് നല്‍കി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. കുറുക്കന്‍മൂല ആദിവാസികോളനിയിലെ ശോഭയുടെ മരണത്തില്‍ മാനന്തവാടിയിലെ ഭരണപക്ഷ പാര്‍ട്ടിയിലെ രാഷ്ട്രീയ നേതാവിനടക്കം പങ്കുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം കൈമാറിയത്.
അതേസമയം കേസ് നടത്താന്‍ ചില മാവോയിസ്റ്റ് അനുകൂല സംഘടനകള്‍ പണപ്പിരിവ് നടത്തുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് ബന്ധുക്കള്‍ നിക്ഷേധിച്ചു. ആദിവാസി യുവതി മരിച്ചുവെന്നറിഞ്ഞ ഉടന്‍ മാനന്തവാടിയിലെ ഭരണകക്ഷിയില്‍ പെട്ട പ്രാദേശിക നേതാവ് ഇടപെട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇദ്ദേഹത്തിന്‍റെ സ്വാധീനത്തെ തുടര്‍ന്ന് പൊലീസ് കേസ് അട്ടിമറിച്ചുവെന്ന് ബന്ധുക്കള‍് പരാതിപെട്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കുറുക്കന്‍മൂല ആദിവാസി കോളനിയിലെ ശോഭയെ ഫെബ്രുവരി മൂന്നിനാണ് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുതവേലിയില്‍നിന്നും തലേദിവസം രാത്രി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്നാണ് പൊലീസിന്‍റെയും പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അബദ്ധത്തില്‍ ഷോക്കേറ്റതല്ലെന്നും ശോഭയെ കൊന്നതാണെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി.
വിരളടയാളമോ മറ്റ് പരിശോധനകളോ നടത്താതെ പൊലീസ് ശോഭയുടെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ചതിലുള്ള സംശയം നാട്ടുകാരും ഉന്നയിച്ചിരുന്നു. ഇതിനിടെ കേസ് നടത്തിപ്പിനായി മാവോയിസ്റ്റ് അനുകൂല സംഘനകള്‍ പണപ്പിരിവ് നടത്തുന്നുവെന്ന് പൊലീസ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍ച്ചു. റിപ്പോര്‍ട്ടിന് പിന്നില്‍ കേസ് ഇല്ലാതാക്കാനുള്ള ശ്രമമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം.
ശോഭയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിനെതിരെയും ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ശോഭയെ രാത്രി വിളിച്ചിറക്കികൊണ്ടുപോയത് അയല്‍വാസികൂടിയായ യുവാവാണെന്നും, മരണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഡിസംബർ രണ്ടിന് രാത്രി ഒരുഫോൺ വന്നതിന് ശേഷമാണ് ശോഭ വീട്ടില്‍നിന്നും പുറത്തേക്ക് പോയത്, പിറ്റേന്ന് രാവിലെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ഫോൺ ചെയ്തത് അയല്‍വാസി കൂടിയായ യുവാവാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം യുവാവിന്‍റെ വീടിന് സമീപത്തുനിന്നും ശോഭയുടെ ഫോണും കണ്ടെത്തിയിരുന്നു.
മരണകാരണം അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന പൊലീസിന്‍റെ നിഗമനത്തിനെതിരെ ബന്ധുക്കള്‍ തുടക്കം മുതലെ എതിര്‍ത്തിരുന്നു. ഈ പ്രദേശത്തെകുറിച്ചൊക്കെ നല്ല ധാരണയുള്ള ശോഭയ്ക്ക് എങ്ങനെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുമെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. മൃതദേഹം കണ്ടെത്തിയ വയലില്‍ മുമ്പൊന്നും വൈദ്യുത വേലിസ്ഥാപിച്ച് കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam