മരിച്ച പോക്സോ കേസ് ഇരയായ കുട്ടിക്ക് ന്യൂമോണിയയെന്ന് പൊലീസ്, വീഴ്ചയില്ലെന്ന് സിഡബ്ല്യുസി

Published : Jan 13, 2021, 03:21 PM IST
മരിച്ച പോക്സോ കേസ് ഇരയായ കുട്ടിക്ക് ന്യൂമോണിയയെന്ന് പൊലീസ്, വീഴ്ചയില്ലെന്ന് സിഡബ്ല്യുസി

Synopsis

ബന്ധുക്കളെ കാണാൻ പോലും ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ അച്ഛൻ തന്നെ പീഡിപ്പിച്ച കേസായതിനാൽ കുട്ടിക്ക് മേൽ മൊഴി മാറ്റാൻ സമ്മർദ്ദമുണ്ടാകാതിരിക്കാനാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതിരുന്നതെന്ന് ശിശുക്ഷേമസമിതി പറയുന്നു.

കൊച്ചി: കാക്കനാട് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്ന പോക്സോ കേസിലെ ഇരയായ കുട്ടി മരിച്ചതിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമികനിഗമനമെന്ന് പൊലീസ്. കുട്ടിക്ക് ന്യൂമോണിയയുണ്ടായിരുന്നു. ശ്വാസതടസ്സമുണ്ടായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമികനിഗമനമെന്നും കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‍ര വ്യക്തമാക്കി. എന്നാൽ കുട്ടിക്ക് വേണ്ട ചികിത്സ നൽകിയോ എന്ന കാര്യത്തിൽ ഡിസബ്ല്യുസിയും സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുകയാണ്. 

ഡിസംബർ 31 മുതൽ കുട്ടിക്ക് പനി ബാധിച്ചിരുന്നുവെന്നും, എന്നാൽ വേണ്ട ചികിത്സ നൽകിയിരുന്നുവെന്നുമാണ് സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ കുട്ടിക്ക് ന്യൂമോണിയ പോലെ ഗുരുതരമായ അസുഖമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്നും, വീഴ്ച പറ്റിയത് ഉദ്യോഗസ്ഥർക്കാണ് എന്നും ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ ബെറ്റി ജോസഫ് പറയുന്നു. 

കുട്ടിയെ ബന്ധുക്കളെ കാണാൻ പോലും ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഇത് ബോധപൂർവം തന്നെയാണെന്നാണ് ബെറ്റി ജോസഫ് പറയുന്നത്. ബന്ധുക്കളെ കാണാൻ അനുവദിക്കാതിരുന്നത് കുട്ടിയുടെ സുരക്ഷ മുൻനിർത്തിയാണെന്ന് അവർ വിശദീകരിക്കുന്നു. ''അച്ഛൻ ആണ് കുട്ടിയെ പീഡിപ്പിച്ചത്. ബന്ധുക്കളെ കാണാൻ അനുവദിച്ചാൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടാകും. ബന്ധുക്കൾ എന്നുപറഞ്ഞ് എത്തിയവർക്ക് തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നില്ല'', എന്നും ബെറ്റി ജോസഫ് വ്യക്തമാക്കുന്നു.

അതേസമയം, സംരക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്ന് ബെറ്റി ജോസഫ് തുറന്ന് സമ്മതിക്കുന്നു. കുട്ടിയുടെ അസുഖ വിവരം സമിതിയെ അറിയിച്ചിരുന്നില്ല. കുട്ടി മരിച്ചത് പോലും വൈകിയാണ് അറിയിച്ചത് എന്നും ബെറ്റി ജോസഫ് പറയുന്നു. 

ഗുരുതരമായ ന്യൂമോണിയ ബാധിച്ചിട്ട് പോലും ഈ കൊവിഡ് കാലത്ത് കുട്ടിക്ക് വേണ്ട ചികിത്സ ലഭിച്ചില്ല എന്നത് സംവിധാനത്തിന്‍റെ ഗുരുതരമായ വീഴ്ചയാവുകയാണ്. മരണകാരണം ന്യൂമോണിയ തന്നെയാണോ എന്ന കാര്യം പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. പൊലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അച്ഛൻ പീഡിപ്പിച്ചു എന്ന പരാതിയെത്തുടർന്ന് 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മീഷന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി. ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിലാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛൻ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് ഇതിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടു. 2018 ഏപ്രിൽ 18-നാണ് ഈ കേസ് റജിസ്റ്റർ ചെയ്യുന്നത്. പിറ്റേന്ന് തന്നെ ചൈൽഡ് വെൽഫെയർ മെമ്പർ വീട്ടിലെത്തി കുട്ടിയെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചിരുന്നതാണ്. കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്കാണ് മാറ്റിയത്.

എന്നാൽ അവിടേക്ക് കൊണ്ടുവരുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന കുട്ടി ജനുവരി 11-ന് പെട്ടെന്ന് മരിച്ചുവെന്ന വാർത്തയാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി, കുട്ടിയുടെ മുത്തശ്ശി സിറ്റി പോലീസ് കമ്മീഷണർക്കും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം എത്തിച്ചത്. പോസ്റ്റ്‍മോർട്ടം കഴിഞ്ഞ ശേഷം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാതെ ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു. ബന്ധുക്കൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ തൃക്കാക്കര എസിപി അടക്കം ഉന്നത ഉദ്യോഗസ്ഥരെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും, മരണത്തിൽ അന്വേഷണം തുടങ്ങിയെന്നും തൃക്കാക്കര എസിപി ബന്ധുക്കളോട് പറഞ്ഞു. മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് എസിപി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്