
കണ്ണൂർ: ഇരിട്ടിയിൽ പട്ടാപ്പകൽ കൊവിഡ് ആംബുലൻസിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി രണ്ട് കാലുകളും അടിച്ചു തകർത്ത സംഭവത്തിന് കാരണവും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ. ഒരു വർഷം മുൻപ് എസ്ഡിപിഐയിൽ നിന്നും പുറത്താക്കിയ ആസിഫലിയെ എസ്ഡിപിഐ പ്രവർത്തകർ തന്നെയാണ് ആക്രമിച്ചത്. ആസിഫലിക്ക് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ്, തട്ടിക്കൊണ്ട് പോകലിൽ രണ്ട് പേർ പിടിയിലായെന്നും വ്യക്തമാക്കി.
പട്ടാപ്പകൽ കൊവിഡ് സന്നദ്ധ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി നടന്ന ആക്രമണം പൊലീസ് അറിഞ്ഞത് പിറ്റേന്ന് മാത്രം. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആസിഫിനെ തേടി ഞങ്ങൾ പോയി. എസ്ഡിപിഐക്കാരനായ താൻ പാർട്ടി വിട്ട് സിപിഎമ്മുമായി സഹകരിച്ചതിനാൽ സംഘടനയുടെ നിർദ്ദേശ പ്രകാരം ക്രൂരമായി മർദ്ദിച്ചെന്നായിരുന്നു ആസിഫലി ആരോപിച്ചത്. പക്ഷെ സിപിഎം നേതാക്കളോട് സംസാരിച്ചപ്പോൾ ആസിഫലിയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അവർ പറയുന്നു.
വിശദമായ അന്വേഷണത്തിലാണ് ഇരിട്ടി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ആളാണ് ആസിഫെന്ന് പൊലീസിന് വ്യക്തമായത്. കണ്ണൂർ വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം തട്ടുന്ന സംഘത്തിൽ ഈയിടെ ആസിഫും സജീവമാണെന്ന വിവരവും കിട്ടി. എസ്ഡിപിഐ പ്രവർത്തകരായ ഇരിട്ടിയിലെ ചിലരെ പണം നൽകി ക്വട്ടേഷൻ ടീമിലേക്ക് ചേർത്തതിൽ സംഘടനയിൽ നിന്നും ആസിഫിന് ഭീഷണിയുണ്ടായിരുന്നു. ഇതുവരെ അറസ്റ്റിലായ അനീസ്, കബീർ എന്നിവരും ഇനി പിടിയിലാകാനുള്ള മൂന്ന് പേരും തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയും എല്ലാം എസ്ഡിപിഐ പ്രവർത്തകരാണ്.
കടത്ത് സ്വർണ്ണം കവർച്ച ചെയ്യുമ്പോഴും ക്വട്ടേഷൻ സംഘത്തെ തെരുവിൽ നേരിടുമ്പോഴും നമ്മുടെ പൊലീസ് എന്തു ചെയ്യുകയാണ്. തെളിവുള്ള കേസുകൾ പോലും തേഞ്ഞ് മാഞ്ഞ് പോകുന്നത് എങ്ങനെയെന്നുള്ള തുടർ റിപ്പോർട്ട് നാളെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam