സ്വപ്ന സുരേഷ് എവിടെ? ഹോട്ടലിലും ആശ്രമത്തിലും പരിശോധന, കണ്ടെത്താനാവാതെ അന്വേഷണ സംഘം

By Web TeamFirst Published Jul 8, 2020, 12:43 AM IST
Highlights

തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷ് ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കസ്റ്റംസ് അന്വേഷണം തുടരുമ്പോഴും സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിൽ. സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രണ്ടാം ദിനവും കസ്റ്റംസ് പരിശോധന നടത്തി.  തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷ് ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന.

സ്വർണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്ലാറ്റിൽ നിന്നും സ്വപ്ന സുരേഷ് ഒളിവിൽ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സമുച്ചയത്തിലെ ആറാം നിലയിൽ സ്വപ്ന താസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

സെക്യൂരിറ്റിയുടെയും മറ്റ് താമസക്കാരുടെയും മൊഴികൾ ശേഖരിച്ച ശേഷം ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്തി. അതേസമയം സ്വപ്ന എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ലോക്ക് ഡൗണായതിനാൽ തിരുവനന്തപുരം വിട്ട് പോയിട്ടില്ലെന്നാണ് സംശയിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്.

സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാർ വീടിന് പുറത്ത് തന്നെയുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയാണ് സ്വപ്നയുമായി അവസാനമായി സംസാരിച്ചതെന്നെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. സ്വപ്ന ആഢംബര ജീവിതം നയിച്ചിരുന്നില്ല. സഹോദരന്റെ വിവാഹപാർട്ടിയിലെ നൃത്തദൃശ്യങ്ങൾ ഉപയോഗിച്ചാണ് സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു. അയൽക്കരുമൊയൊന്നും സ്വപ്നയുടെ കുടുംബം അടുപ്പം പുലർത്തിയിരുന്നില്ല.

click me!