
ചെന്നൈ: തമിഴ്‍നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നു. സംഭവത്തില്‍ വില്ലുപുറം പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. മലവിസര്‍ജ്ജനം നടത്തുന്നതിനിടെ ഫെബ്രുവരി 12നാണ് 24കാരനായ ആര്‍ ശക്തിവേലിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അടിച്ചുകൊന്നത്.
ശക്തിവേല്‍ വില്ലുപുരം ഗ്രാമത്തിലെ ഒരു സ്ത്രീക്ക് മുന്നില്‍ നഗ്നത കാണിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ ആക്രമിച്ചത്. ഗ്രാമത്തിലെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ശക്തിവേലിനെ കെട്ടിയിടുകയും നിരന്തരമായി മര്‍ദ്ദിക്കുകയും ചെയ്തു. ആളുകളുടെ ആരോപണം ശക്തിവേല്‍ നിഷേധിച്ചതോടെ കലിപൂണ്ട ഗ്രാമവാസികള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുകള്‍ പ്രദേശത്തെ പ്രബലരായ വണ്ണിയാര്‍ ഒബിസി സമുദായത്തില്‍പെട്ടവരാണ്. അറസ്റ്റ് ചെയ്തവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ഇവര്‍ ഇപ്പോള്‍ കൂടല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍റിലാണ്. ഇത് ജാതിക്കൊലയാണെന്നാണ് ശക്തിവേലിന്‍റെ കുടുംബം ആരോപിക്കുന്നത്. പൊലീസിന്‍റെ അനാസ്ഥയും ശക്തിവേലിന്‍റെ മരണത്തിന് കാരണമായെന്നും ഇവര്‍ ആരോപിക്കുന്നു.
പൊലീസ് നോക്കി നില്‍ക്കെയും സംഘം ശക്തിവേലിനെ ആക്രമിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ശക്തിവേലിനെ രക്ഷിക്കാമായിരുന്നുവെന്ന് വില്ലുപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കോര്‍ഡിനേറ്റര്‍ ലളിത പറഞ്ഞു.
ശക്തിവേലിന്‍റെ സഹോദരി തെയ്‍വണ്ണയുടെ ആരോപണം ഇങ്ങനെ..
''ഉച്ചഭക്ഷണത്തിന് ശേഷം പെട്രോള്‍ പമ്പിലേക്ക് മടങ്ങുകയായിരുന്നു ശക്തിവേല്‍. ചില തിരിച്ചറിയല്‍ രേഖകള്‍ ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനാല്‍ ആധാര്‍ കാര്‍ഡുമായി മടങ്ങുകയായിരുന്നു അവന്‍. ബൈക്കില്‍ പെട്രോള്‍ കഴിഞ്ഞുതുടങ്ങിയിരുന്നു. പെട്രോള്‍ തീര്‍ന്ന് വഴിയില്‍ നിന്നതോടെ ശക്തിവേല്‍ എന്നെ വിളിച്ചിരുന്നു. വയറിന് എന്തോ പ്രശ്നമുണ്ടെന്ന് പറയുകയും ചെയ്തു.
ശക്തിവേല്‍ പാന്‍റ്സ് ആണ് ധരിച്ചിരുന്നത്. വയറിന് അസ്വസ്ഥതയുണ്ടായതിനാല്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനായി പാന്‍റ്സ് പൂര്‍ണ്ണമായി അഴിക്കേണ്ടി വന്നു. മലമൂത്ര വിസര്‍ജനം നടത്തി വൃത്തിയാക്കി വീണ്ടും പാന്‍റ്സ് ധരിക്കുന്നതിനിടെ ശക്തിവേലിനെ സ്ത്രീ കാണുകയായിരുന്നു. ശക്തിവേല്‍ നഗ്നത കാണിക്കാന്‍ ശ്രമിച്ചതാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീ ആളുകളെ കൂട്ടുകയായിരുന്നു.'' - തെയ്‍വണ്ണ പറഞ്ഞു.
കയ്യിലുള്ള ആധാര്‍ കാര്‍ഡില്‍ നിന്ന് ശക്തിവേല്‍ ദളിതനാണെന്ന് മനസ്സിലാക്കിയ ആള്‍ക്കൂട്ടം അതിന്‍റെ പേരിലാകണം അവനെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലളിത പറഞ്ഞു. വില്ലുപുരം മേഖലയില്‍ ഇത്തരത്തിലുള്ള ജാതിആക്രമണങ്ങള്‍ സാധാരണമാണെന്നും ലളിത വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam