
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാരോട് മാറാടി ജിജി ഭവനിൽ ലിജിൻ (24) ആണ് പിടിയിലായത്. സമൂഹിക മാധ്യമം വഴി നേരത്തെ പരിചയപ്പെട്ട 17 വയസ്സുളള പെൺകുട്ടിയെ ലിജിൻ സ്വന്തം വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പാറശാല ബസ് സ്റ്റാൻഡിൽ എത്തിക്കാൻ പോകുന്ന വഴി, ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പെൺകുട്ടിയെ ലിജിന്‍ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ പോയെങ്കിലും പെൺകുട്ടി യുവാവിന്‍റെ വീടിന് സമീപത്ത് തിരിച്ചെത്തി.
തുടര്‍ന്ന് പെണ്‍കുട്ടി സമീപവാസികളോട് ലിജിന്‍റെ വീട് അന്വേഷിച്ചു. അപരിചിതയായ പെണ്‍കുട്ടി യുവാവിന്‍റെ വീടന്വേഷിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി തൃപ്തികരമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ജനപ്രതിനിധിയെ വിളിച്ച് വരുത്തുകയും പെണ്‍കുട്ടിയെ പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസ് പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ലിജിനെ പെൺകുട്ടിയുടെ ബന്ധുക്കളെ കൊണ്ട് ഉച്ചക്കട ജംക്‌ഷനിലേക്ക് വിളിച്ച വരുത്തി പൊലീസ് ഇയാളെ തന്ത്രപൂർവം പിടികുടൂകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
ആലപ്പുഴയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണൻ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടി. പിന്നീട്, ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam