ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്‍പന; കോഴിക്കോട് നഗരത്തിൽ രണ്ടു പേർ പിടിയിൽ 

By Web TeamFirst Published Nov 21, 2022, 6:21 AM IST
Highlights

പ്രതികളിൽ നിന്നും 35 ഗ്രാം എം.ഡി.എം.എ., ഒരു കിലോഗ്രാം കഞ്ചാവ്, എം.ഡി.എം.എ ചില്ലറ വിൽപ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തി. നഗരത്തിൽ അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്നും ടൗൺ പൊലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷൻ പരിധിയിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ പൊലീസ് സ്റ്റേഷൻ എസ് ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കർണാടക രജിസ്ട്രേഷൻ ആഡംബര കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. 

നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ് (29) ,മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ (22)  എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളിൽ നിന്നും 35 ഗ്രാം എം.ഡി.എം.എ., ഒരു കിലോഗ്രാം കഞ്ചാവ്, എം.ഡി.എം.എ ചില്ലറ വിൽപ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവ കണ്ടെത്തി. നഗരത്തിൽ അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്നിന് എതിരായ സംസ്ഥാന സർക്കാരിന്‍റെ പ്രചരണത്തിന്റെ ഭാഗമായി ടൗൺ എ സി.പി. ബിജുരാജിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് ടൗൺ പൊലീസ് സ്വീകരിക്കുന്നത്. 

മുത്തങ്ങ എക്സൈസ്, മെഡിക്കൽ കോളേജ് പോലീസ് എന്നിവർ രജിസ്റ്റർ ചെയ്ത രണ്ട് കൊമേഷ്യൽ ക്വാണ്ടിറ്റി എൻ.ഡി.പി.എസ്  കേസുകളിൽ പ്രതിയായ നൈജിൽ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. വാഹനത്തിൽ കറങ്ങി നടന്ന് ആവശ്യക്കാരോട് ഗൂഗിൾ പേ വഴി പണം അയച്ച് മേടിച്ച ശേഷം മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ സീനിയർ സിപിഒ മാരായ സജേഷ് കുമാർ, ബിനിൽ കുമാർ, ഉദയകുമാർ, ജിതേഷ്, ഉണ്ണികൃഷ്ണൻ, ബിജു.സി പി ഓ മാരായ അനൂജ്, ജിതേന്ദ്രൻ, ജിതിൻ എന്നിവരാണ് ഉണ്ടായിരുന്നത്

click me!