ചിതലിനെ കൊല്ലാന്‍ അച്ഛനും അമ്മയും വീടിനുള്ളില്‍ തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു

Published : Aug 06, 2022, 12:11 PM IST
ചിതലിനെ കൊല്ലാന്‍ അച്ഛനും അമ്മയും വീടിനുള്ളില്‍ തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു

Synopsis

കരച്ചില്‍ കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ച വിവരം അറിയുന്നത്. വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

ചെന്നൈ: വീട്ടില്‍ നിരന്തരം ശല്യമായ ചിതലിനെ കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ മകള്‍ പൊള്ളലേറ്റു മരിച്ചു. ചെന്നൈക്കടുത്ത് പല്ലാവരത്താണ് ദാരുണമായ മരണം സംഭവിച്ചത്. ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.  കഴിഞ്ഞ വ്യാഴാഴ്ചാണ് സംഭവം.

ഹുസൈന്‍റെ വീടിന്‍റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ശല്യം രൂക്ഷമായിരുന്നു. ആദ്യം മണ്ണെണ്ണ ഒഴിച്ച് ചിതലിനെ അകറ്റാനായി നോക്കി. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞതോടെ ചിതല്‍ വീണ്ടുമെത്തി. ഇതോടെയാണ് ഹുസൈന്‍ ബാഷയും ഭാര്യ അയിഷയും ചിതല്‍ ശല്യം ഒഴിവാക്കാനായി സാഹസം കാട്ടിയത്.  പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നര്‍ ചിതല്‍ ശല്യമുള്ളിടത്തെല്ലാം ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തിന്നറാെഴിച്ചതോടെ തീ ആളിപ്പടര്‍ന്നു. വീട്ടിലെ സാധനങ്ങളിലേക്ക്  പടര്‍ന്നതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോയി. 

വാതില്‍ ഉള്ളില്‍നിന്നടച്ച് അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാനുമായില്ല. തീ പടര്‍ന്ന് പിടിച്ചതോടെ ഹുസൈനും കുടുംബവും ഇറക്കെ നിലവിളിച്ച് അയല്‍വാസികളെ വിളിച്ചു. കരച്ചില്‍ കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ച വിവരം അറിയുന്നത്. വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഒടുവില്‍ വാതില്‍പൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍  എത്തിയപ്പോഴേക്ക് മരിച്ചു.

Read More : റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം; യുവതികളിലൊരാള്‍ മരിച്ചു

ഫാത്തിമയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാഷയും അയിഷയും കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് രണ്ട് വണ്ടി ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തില്‍ വീടിന്‍റെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ ശങ്കർ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ