കേരള ബാങ്ക് ജീവനക്കാരന്റെ മരണം സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നുള്ള ആത്മഹത്യയെന്ന് നിഗമനം

By Web TeamFirst Published Mar 5, 2021, 12:25 AM IST
Highlights

നിലമേലിൽ കേരള ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തത് സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നെന്ന് പൊലീസ് അനുമാനം. 

കൊല്ലം: നിലമേലിൽ കേരള ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തത് സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നെന്ന് പൊലീസ് അനുമാനം. രണ്ടര ലക്ഷത്തിലേറെ രൂപയുടെ തിരിമറിയാണ് നിലമേൽ ശാഖയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതേപ്പറ്റി അന്വേഷണം തുടങ്ങിയതിനു പിന്നാലെയായിരുന്നു കാഷ്യറായ സുനിലിനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള ബാങ്ക് നിലമേൽ ശാഖയിലെ കാഷ്യറായിരുന്ന സുനിൽ സദാനന്ദനെ കഴിഞ്ഞ ദിവസം രാത്രിയാണ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തേവലക്കര സ്വദേശിയായ സുനിലാണ് ഒരു വർഷമായി നിലമേൽ ശാഖയിലെ കാഷ്യർ. 

കഴിഞ്ഞ ദിവസം പുതുതായി എത്തിയ മാനേജർ ബാങ്കിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പണത്തിൽ രണ്ടു ലക്ഷത്തി അറുപത്തിയൊന്നായിരം രൂപയുടെ കുറവ് കണ്ടെത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പണം ഉടൻ കൊണ്ടുവരാമെന്നു പറഞ്ഞ് സുനിൽ പുറത്തേക്കു പോയി. ഏറേ നേരം കഴിഞ്ഞും സുനിലിനെ കാണാഞ്ഞതോടെ ബാങ്ക് അധികൃതർ ചടയമംഗലം പൊലീസിൽ പരാതി നൽകി. 

പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് സുനിലിന്റെ മരണവാർത്ത എത്തിയത്. സാമ്പത്തിക തിരിമറി പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ ഉണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ആത്മഹത്യയാകാമെന്നാണ് പൊലീസ് അനുമാനം. 

ബാങ്കിന് സ്തുതി നേർന്നും ദൈവത്തിൽ അഭയം പ്രാപിക്കുകയാണ് താൻ എന്നും മറ്റും രേഖപ്പെടുത്തിയ കുറിപ്പും ആത്മഹത്യയുടെ സൂചനയായി പൊലീസ് കാണുന്നു. ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട പണം എങ്ങിനെ സുനിൽ ചെലവാക്കിയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. മരിച്ച സുനിലിന് ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനുമുണ്ട്.

click me!