മദ്യലഹരിയിൽ വാഹനാപകടം, ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിലും യുവാവിന്റെ പരാക്രമം, ഒടുവിൽ ആശുപത്രിയിൽ

By Web TeamFirst Published May 31, 2023, 6:08 AM IST
Highlights

ആംബുലൻസ് നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ യുവാവ് അക്രമാസക്തനാകുകയും ആംബുലൻസ് നേഴ്സ് അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടായി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും ആംബുലൻസിനുള്ളിൽ യുവാവിന്റെ പരാക്രമം. ജീവനക്കാരെ മർദിച്ച യുവാവ് ആംബുലൻസിന്റെ ചില്ല് തകർത്തു. തുടർന്ന് അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച അക്രമാസക്തനായ യുവാവിനെ പൊലീസ് ആശുപത്രിയിൽ ഉപേക്ഷിച്ച് പോയെന്നും ആരോപണമുണ്ട്.

പീഡനം മതപഠനശാലയിലെത്തും മുന്നേ, ആൺസുഹൃത്തിനെതിരെ പോക്സോ കേസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാലരാമപുരം ജംഗ്ഷനിൽ വെച്ച് വിഴിഞ്ഞം പുന്നകുളം സ്വദേശി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ബാലരാമപുരം കേന്ദ്രമായി സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി പരിക്ക് പറ്റിയ യുവാവുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. മദ്യലഹരിയിൽ ആയിരുന്ന യുവാവ് ആംബുലൻസിൽ കയറിയത് മുതൽ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇതിനിടയിൽ ആംബുലൻസ് നേഴ്സ് അഭിജിത്തിന്റെ കോളറിൽ പിടിച്ച് ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ ആംബുലൻസ് തിരിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയി.

ആംബുലൻസ് നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ യുവാവ് അക്രമാസക്തനാകുകയും ആംബുലൻസ് നേഴ്സ് അഭിജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് ഡ്രൈവർ രാഹുൽ ആംബുലൻസ് നിറുത്തി പുറക് വശത്തെ ഡോർ തുറന്നതും യുവാവ് ഇയാളെയും ആക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തുന്നതിനിടയിൽ യുവാവ് ആംബുലൻസിന്റെ ചില്ല് അടിച്ച് തകർത്തു. തുടർന്ന് പൊലീസ് എത്തി അതേ ആംബുലൻസിൽ യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പരിക്ക് പറ്റിയ ആംബുലൻസ് ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം അക്രമാസക്തനായ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം ഉണ്ട്. ഒരു മണിക്കൂർ പിന്നിട്ട് യുവാവിന് പ്രഥമശുശ്രൂഷ ആശുപത്രി അധികൃതർ നൽകിയ ശേഷം നെയ്യാറ്റിൻകര എസ് ഐ എത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ എത്തി പരാതി നൽകാൻ ആണ് ആംബുലൻസ് ജീവനക്കാരോട് എസ് ഐ നിർദേശിച്ചത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായി 108 ആംബുലൻസ് അധികൃതർ വ്യക്തമാക്കി.

click me!